വി.എസ്.അച്യുതാനന്ദന്‍ നൂറാം വയസ്സിലേക്ക്; നിലയ്ക്കാത്ത സമരജീവിതത്തിന് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ കേരളം

2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദന്‍

രേണുക വേണു| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (08:48 IST)

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സമുന്നത നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ നൂറിന്റെ നിറവിലേക്ക്. 1923 ഒക്ടോബര്‍ 20 നാണ് അച്യുതാനന്ദന്റെ ജനനം. തന്റെ 99-ാം ജന്മദിനമാണ് വി.എസ്. ഇന്ന് ആഘോഷിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം ഇപ്പോള്‍. വി.എസ്. പൊതുവേദികളില്‍ നിന്ന് മാറിനില്‍ക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. പക്ഷാഘാതത്തിന്റെ പിടിയിലകപ്പെട്ടതിനാല്‍ വീട്ടില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. അതിനാല്‍ തന്നെ കാര്യമായ പിറന്നാള്‍ ആഘോഷമില്ല.

2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദന്‍. പിണറായി സര്‍ക്കാരിന്റെ തുടക്കകാലത്ത് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1985 മുതല്‍ 2009 വരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. പാര്‍ട്ടിക്കുള്ളിലെ തിരുത്തല്‍വാദി എന്നാണ് വി.എസ്. അറിയപ്പെട്ടിരുന്നത്. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്നാണ് മുഴുവന്‍ പേര്. സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് വി.എസ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :