വേനൽമഴ: ദുരിത സഹായത്തിന് തോളോട് തോൾ ചേരാം, അയൽക്കാരുടെ കണ്ണീരൊപ്പാൻ കൈകോർക്കാം; വി എസ്

വേനൽ ചൂടിൽ ആശ്വാസമേകിയ വേനൽമഴ ഭീതിപടർത്തിയിരിക്കുകയാണ്. കടൽക്ഷോഭങ്ങൾ കാരണം നിരവധി വീടുകൾ തകർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജാതി മത രാഷ്ട്രീയ പരിഗണനയില്ലാതെ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും സഹായകമാകാൻ

തിരുവനന്തപുരം| aparna shaji| Last Updated: ബുധന്‍, 18 മെയ് 2016 (15:38 IST)
വേനൽ ചൂടിൽ ആശ്വാസമേകിയ വേനൽമഴ ഭീതിപടർത്തിയിരിക്കുകയാണ്. കടൽക്ഷോഭങ്ങൾ കാരണം നിരവധി വീടുകൾ തകർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജാതി മത രാഷ്ട്രീയ പരിഗണനയില്ലാതെ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും സഹായകമാകാൻ സഖാക്കൾക്ക് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആഹ്വാനം. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വി എസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വി എസിന്റെ ഫെയ്സ്ബുക്കിന്റെ പൂർണ രൂപം:

ദുരിത സഹായത്തിന് തോളോട്തോൾ ചേരാം.

കനക്കുകയാണ്. കലവർഷം എത്തിയില്ലെങ്കിലും ചുട്ടുപഴുത്ത മണ്ണിന് വേനൽമഴ ആശ്വാസമാവുന്നു. അതോടൊപ്പം തന്നെ കടൽക്ഷോഭം മൂലം അനേകം തീരദേശവാസികൾക്ക് വീടും ജീവനോപാധികളും നഷ്ടപ്പെട്ടിരിക്കുകയാണ്. കടൽ തീരവും നെൽവയലുകളും നീർത്തടങ്ങളും ആർത്തി മൂത്ത് കച്ചവടം ചെയ്ത് കോൺക്രീറ്റ് മാളികകൾ പണിതുയർത്തിയതിന്റെ കെടുതികൾ ഓരോ ചെറിയ മഴയും കഴിയുമ്പോഴെയ്ക്കും വെള്ളപ്പൊക്കമെന്ന അവസ്ഥയിലേക്ക് നമ്മെ കൊണ്ടു ചെന്നെത്തിച്ചിരിക്കുകയാണ്. കേരളത്തിന്റെ വിവിധ മേഖലകളിൽ ഇത് ദുരിതം വിതയ്ക്കുന്നു.

നമ്മുടെ കൂടെപ്പിറപ്പുകളാണ് ചുറ്റുമുള്ളതെന്നും അവർക്ക് സഹായം വേണ്ട ഘട്ടത്തിൽ അത് ലഭ്യമാക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഓരോ പ്രവർത്തകന്റെയും കടമയെന്നും ഞാൻ പറയാതെതന്നെ അറിയാമെന്ന് എനിക്കുറപ്പുണ്ട്. ജാതിമത രാഷ്ട്രീയ പരിഗണന കൂടാതെ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ പ്രിയ സഖാക്കൾ ജാഗ്രതയോടെ രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു. അയൽക്കാരുടെ കണ്ണീരൊപ്പാൻ നമുക്ക് കൈകോർക്കാം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :