സുധീരന്‍ കെ പി സി സി പ്രസിഡന്റ് ആയി തുടരും; ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനം

കെ പി സി സി അധ്യക്ഷനായി വി എം സുധീരന്‍ തുടരും

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2016 (14:32 IST)
സംസ്ഥാനത്തെ കെ പി സി സി അധ്യക്ഷനായി വി എം സുധീരന്‍ തുടരും. ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്. അധ്യക്ഷസ്ഥാനത്തു നിന്ന് സുധീരനെ മാറ്റാന്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍, ഈ സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും വഴങ്ങേണ്ടതില്ല എന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഇതനുസരിച്ച് അധ്യക്ഷസ്ഥാനത്ത് തുടരാന്‍ സുധീരനോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയായിരുന്നു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സുധീരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ആയിരുന്നു കെ പി സി സി അധ്യക്ഷനായി സുധീരന്‍ തുടരട്ടെ എന്ന് തീരുമാനം ഉണ്ടായത്. എടുത്തിരിക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ടു പോകാനാണ് സുധീരന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. സംഘടന തെരഞ്ഞെടുപ്പ് നടത്താനും സുധീരന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

അതിനു മുന്നോടിയായി പുനസംഘടന, ഇത് രണ്ടിനും നേതൃത്വം നല്കുന്നതിനായി ഒരു രാഷ്‌ട്രീയകാര്യ സമിതി തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ട് പോകാനാണ് സുധീരന് ഹൈക്കമാന്‍ഡ് അനുമതി നല്കിയത്. അതേസമയം, പാര്‍ട്ടി പുനസംഘടന ആവശ്യമില്ലെന്ന രീതിയില്‍ ആയിരുന്നു കേരളത്തില്‍ നിന്നെത്തിയ നേതാക്കളുടെ നിലപാട്. സുധീരനെ മാറ്റി സംഘടന തെരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :