പോകാനൊരുങ്ങിയ മുഖ്യമന്ത്രിയെ സുധീരന്‍ പിടിച്ചിരുത്തി‍; കൊള്ളയ്‌ക്ക് കൂട്ട് നില്‍ക്കില്ല, സോളാര്‍- ബാര്‍ വിഷയങ്ങളില്‍ മന്ത്രിമാരെ റോഡിലിട്ട്‌ വലിച്ചിഴച്ചപ്പോള്‍ ഒപ്പം നിന്നുവെന്നും ഇനി പറ്റില്ലെന്നും കെപിസിസി

വിവാദങ്ങളില്‍ നിന്നു സര്‍ക്കാരിനെ രക്ഷിച്ചത് ജനരക്ഷായാത്രയാണ്

വിഎം സുധീരന്‍ , കെപിസിസി , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , മെത്രാന്‍ കായല്‍
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 16 മാര്‍ച്ച് 2016 (05:34 IST)
കെപിസിസി യോഗത്തില്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി പ്രസിഡന്റ് വിഎം സുധീരന്‍. കരുണ എസ്റേറ്റ്, മെത്രാന്‍ കായല്‍ വിഷയങ്ങള്‍ ഉന്നയിച്ചാണ് സുധീരന്റെ വിമര്‍ശനം. ഇപ്പോള്‍ ഇറങ്ങിയ ഉത്തരവുകള്‍ക്ക്‌ പിന്നില്‍ അഴിമതിയുണ്ടെന്ന്‌ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. എജിയുടെ നിയമോപദേശം എന്തുതന്നെയായാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വ്യക്തമാക്കിയതോടെ യോഗം തീരുന്നതിന്‌ മുമ്പ്‌ പോകാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സുധീരന്‍ പിടിച്ചിരുത്തുകയായിരുന്നു. തനിക്ക്‌ പറയാനുള്ളത്‌ കൂടി കേട്ടിട്ട്‌ പോയാല്‍ മതിയെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ നിലപാട്.

വിവാദങ്ങളില്‍ നിന്നു സര്‍ക്കാരിനെ രക്ഷിച്ചത് ജനരക്ഷായാത്രയാണ്. സോളാര്‍ കേസിലും ബാര്‍ കേസിലും മന്ത്രിമാരെ വലിച്ചു കീറിയപ്പോള്‍ പാര്‍ട്ടി ഒപ്പം നിന്നിരുന്നു. ന്യായമായ വിഷയങ്ങളില്‍ പാര്‍ട്ടി ഒപ്പം നില്‍ക്കും. അടൂര്‍ പ്രകാശിന്റെ വസ്തുവിന് താന്‍ കരം അടച്ചാല്‍ ശരിയാകുമോ എന്നും സുധീരന്‍ ചോദിച്ചു. അഴിമതിയുടെ അന്തരീക്ഷമാണ് ഇപ്പോള്‍ എങ്ങുമുള്ളത്. ഇത് അംഗീകരിക്കാനാകില്ല. ഇത്തരം കൊള്ളകള്‍ക്ക്‌ കൂട്ടുനില്‍ക്കാന്‍ പാര്‍ട്ടിയെ കിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.

പുതിയ ഉത്തരവുകള്‍ക്കും പിന്നില്‍ പലകളികളുമുണ്ട്‌. മെത്രാന്‍ കായല്‍ വിഷയത്തിലും കരുണ എസ്‌റ്റേറ്റിന്റെ കാര്യത്തിലും അതാണ്‌ സംഭവിച്ചിരിക്കുന്നത്‌. ഉത്തരവ്‌ പിന്‍വലിക്കാന്‍ എജിയുടെ നിയമോപദേശം തേടാനാണ്‌ നീക്കം. ഇത്‌ എന്തിനാണെന്ന്‌ വ്യക്‌തമാണ്‌. ഇക്കാര്യത്തില്‍ എജിയെ തങ്ങള്‍
വിശ്വസിക്കുന്നില്ല. അതുകൊണ്ട്‌ കരുണ എസ്‌റ്റേറ്റിന്‌ നികുതി അടയ്‌ക്കാന്‍ നല്‍കിയ ഉത്തരവ്‌ അടിയന്തിരമായി പിന്‍വലിക്കണം. ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്നും ഒരു പിന്തുണയും പ്രതിക്ഷിക്കേണ്ടതില്ലെന്നും സുധീരന്‍ വ്യക്‌തമാക്കി.

തുടര്‍ന്ന് കരുണ എസ്‌റ്റേറ്റ്‌ പ്രശ്‌നത്തില്‍ ഒരു ക്രമക്കേടുമുണ്ടായിട്ടില്ലെന്ന്‌ സ്‌ഥാപിക്കാനായി മുഖ്യമന്ത്രി ബന്ധപ്പെട്ട ഉത്തരവുകള്‍ യോഗത്തില്‍ ഹാജരാക്കി. എന്നാല്‍ ഇതൊക്കെ തള്ളിക്കളയുന്നുവെന്നും ഉത്തരവ്‌ പിന്‍വലിക്കുക മാത്രമാണ്‌ ഏകപോംവഴിയെന്നും സുധീരന്‍ ആവര്‍ത്തിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :