എ കെ ജെ അയ്യർ|
Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (16:36 IST)
ആലപ്പുഴ:
:വിസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു. ഇതേ തുടർന്ന് ഭാര്യയുടെ വിയോഗത്തില്‍ മനംനൊന്ത് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു ആശുപത്രിയിലായി. തലവടി മാളിയേക്കൽ ശരണ്യ (34) ആണ് തൂങ്ങിമരിച്ചത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശരണ്യ നാട്ടിലെത്തിയശേഷം പുതിയ വിസയിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു.
പാലായിലുള്ള ഒരു വ്യക്തിക്ക് വിസക്കും വിമാന ടിക്കറ്റിനും പണം കൈമാറിയിരുന്നതായി പറയുന്നു. എന്നാൽ പോകാനുള്ള സമയത്താണ് വിസ തട്ടിപ്പ് അറിയുന്നത്. ഇതിൽ മനംനൊന്ത ശരണ്യ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഉടനേ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിവരം അറിഞ്ഞ് പൊലീസ് എത്തി ശരണ്യയുടെ ഭർത്താവിൽ നിന്ന് വിവരങ്ങളറിഞ്ഞു. പൊലീസ് നാട്ടുകാരുമായി സംസാരിക്കുന്നതിനിടെ ശരണ്യയുടെ ഭർത്താവ് വീടിന്‍റെ വാതിൽ പൂട്ടിയശേഷം ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് വാതിൽ തകർത്ത് അകത്തുകടന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചു. ഏഴുവർഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് മക്കളില്ല.
പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തി തലവടിയിലെ പലരുടെ കൈയിൽനിന്നും വിസക്ക് പണം വാങ്ങിയതായി സൂചനയുണ്ട്. ഇയാളെക്കുറിച്ച് എടത്വാ പൊലീസ് അന്വേഷണം ആരംഭിച്ചു.