ഗതാഗത വകുപ്പിലെ വിവാദ ഉത്തരവുകൾ: ടോമിൻ തച്ചങ്കരിക്കെതിരെ വിജിലൻസിന്റെ ത്വരിതപരിശോധന

ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന.

thiruvananthapuram, tomin thachankari, vigillence, jecob thomas, motor department തിരുവനന്തപുരം, ടോമിൻ തച്ചങ്കരി, ജേക്കബ് തോമസ്, വിജിലൻസ്,  ഗതാഗത വകുപ്പ്
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 29 ജൂലൈ 2016 (11:10 IST)
ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. ആറുമാസത്തിനിടെ തച്ചങ്കരി പുറപ്പെടുവിച്ച വിവാദ ഉത്തരവുകളാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തന്നെയാണ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നത്.
അതേസമയം, വിജിലൻസ് ആവശ്യപ്പെട്ട രേഖകൾ ഗതാഗതവകുപ്പ് നൽകിയില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്.

മലിനീകരണ നിയന്ത്രണത്തിനുള്ള ഭാരത് സ്റ്റേജ് നിയന്ത്രണങ്ങൾ മറികടന്നു രണ്ടു സ്വകാര്യ വാഹന നിർമാതാക്കൾക്കായി, ടോമിൻ ജെ. തച്ചങ്കരി പുറത്തിറക്കിയ ഉത്തരവ് വന്‍ വിവാദമായിരുന്നു. എല്ലാ വാഹന പുക പരിശോധനാ കേന്ദ്രങ്ങളിലും ഒരേ കമ്പനിയുടെ മാത്രം സോഫറ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ മതിയെന്ന നിബന്ധനയും വിമര്‍ശന വിധേയമായിരുന്നു. ചില വാഹന ഡീലർമാർക്കു വകുപ്പു നൽകിയ പിഴ ഇളവ് ഉൾപ്പെടെയുള്ള ഉത്തരവുകളും വിജിലൻസ് പരിശോധിക്കും.

ഇത് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ വിജിലൻസ് ഡിവൈഎസ്പി കൃഷ്ണകുമാർ മോട്ടോർ വാഹനവകുപ്പിനോടു രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവ നല്‍കാന്‍ മോട്ടോര്‍വാഹന വകുപ്പ്
തയ്യാറായില്ല. തുടര്‍ന്ന് സിഐ യുടെ നേതൃത്വത്തിലുള്ള സംഘവും കഴിഞ്ഞദിവസം നേരിട്ടെത്തി ആവശ്യപ്പെട്ടിട്ടും ഫയലുകള്‍ നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിജിലൻസ് ഡയറക്ടർ നേരിട്ട് അന്വേഷണത്തിനു മോൽനോട്ടം വഹിക്കുന്നത്.

കഴിഞ്ഞ ആറുമാസത്തിനിടെ ഗതാഗത വകുപ്പിന്റേതായി പുറത്തുവന്ന ധാരാളം ഉത്തരവുകളിൽ വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതിയാണു വിജിലൻസിനു മുന്നിലെത്തിയിട്ടുള്ളത്. എന്നാല്‍ ഉന്നതങ്ങളിൽനിന്ന് ലഭിക്കുന്ന പിന്തുണമൂലമാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഫയലുകൾ പോലും കൈമാറാതെ അന്വേഷണത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതെന്നാണ് വിജിലൻസ് വിലയിരുത്തുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :