ഇന്ന് വിജയദശമി; ആദ്യാക്ഷരമെഴുതി കുരുന്നുകൾ

നിഹാരിക കെ എസ്| Last Modified ഞായര്‍, 13 ഒക്‌ടോബര്‍ 2024 (08:22 IST)
ഇന്ന് വിജയദശമി. വിജയദശമി ദിനത്തില്‍ പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാനെത്തിയിരിക്കുന്നത്. ചടങ്ങിന് തുടക്കമായി. വിവിധ ക്ഷേത്രങ്ങളിലായി നിരവധി കുട്ടികളാണ് എത്തിയിരിക്കുന്നത്. ഏതാണ്ട് എല്ലാ ക്ഷേത്രങ്ങളിലും എഴുത്തിനിരുത്ത് ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

വന്‍ തിരക്കാണ് പനച്ചിക്കാട് ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. ഇരുപതിനായിരത്തിലധികം കുട്ടികളെയാണ് എഴുത്തിനിരുത്താൻ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. മുപ്പതോളം ആചാര്യന്‍മാരുടെ നേതൃത്വത്തിലാണ് എഴുത്തിനിരുത്ത് ചടങ്ങുകള്‍ പുരോഗമിക്കുന്നത്. ഭാഷാ പിതാവിന്‍റെ നാടായ തുഞ്ചന്‍ പറമ്പിലും രാവിലെ മുതല്‍ തന്നെ എഴുത്തിനിരുത്ത് ചടങ്ങുകള്‍ ആരംഭിച്ചു. എഴുത്തുകാരും പാരമ്പര്യ എഴുത്താശാന്‍മാരും അടക്കമുള്ളവരാണ് ഇവിടെ എഴുത്തിനിരുത്തിന് നേതൃത്വം നല്‍കുന്നത്.

വാഹനസൗകര്യങ്ങളടക്കം എല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരുന്നവര്‍ക്ക് ഭക്ഷണമടക്കമുള്ളവയും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ അടക്കമുള്ളവര്‍ കുട്ടികളെ എഴുത്തിനിരുത്താനായി എത്തിയിട്ടുണ്ട്. ശാന്തിഗിരിയില്‍ പ്രാര്‍ഥനാലയത്തിലും ശിവഗിരിയില്‍ ശാരദാദേവി സന്നിധിയിലുമാണ് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നത്. കേരളത്തിൽ കൂടാതെ, രാജ്യത്ത് വിവിധയിടങ്ങളിലും വിജയദശമി ആഘോഷങ്ങള്‍ പുരോഗമിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :