നായർ-ഈഴവ ഐക്യം; തെറ്റു സംഭവിച്ചെങ്കില്‍ തിരുത്താമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ| VISHNU N L| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2015 (19:58 IST)
നായർ-ഈഴവ ഐക്യം തകർന്നതിൽ തന്റെ ഭാഗത്ത് നിന്നു തെറ്റു സംഭവിച്ചുവെങ്കിൽ തിരുത്താമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

നായാടിമുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദു സമൂഹത്തിന്റെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നായര്‍-ഈഴവ സഖ്യം പരാജയപ്പെടാന്‍ കാരണമെന്താണെന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ വ്യക്‌തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു സമൂഹത്തിന്റെ സഖ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുന്‍ ജനറല്‍ സെക്രട്ടറി പി കെ നാരായണ പണിക്കരും ജി സുകുമാരന്‍ നായരുമായും ചര്‍ച്ച ചെയ്‌തതാണ്‌. എന്നാല്‍ എന്താണ്‌ സംഭവിച്ചതെന്ന്‌ തനിക്കറിയില്ല. ഇക്കാര്യം വ്യക്‌തമാക്കേണ്ടത്‌ സുകുമാരന്‍നായരാണ്‌. നായര്‍ യൂത്ത്‌ മൂവ്‌മെന്റ്‌ കോട്ടയത്ത്‌ സംഘടിപ്പിച്ച നായര്‍ യുവജന സംഗമത്തിലാണ്‌ വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ന്യൂനപക്ഷങ്ങള്‍ക്ക്‌ നല്‍കുന്ന ഗുണങ്ങള്‍ ഭൂരിപക്ഷത്തിന്‌ കൂടി നല്‍കേണ്ടതുണ്ട്‌. എന്നാല്‍ നിയമം നടപ്പാക്കുന്ന കാര്യത്തില്‍ പലപ്പോഴും ജാതി വിവേചനം കലരാറുണ്ടെന്നും വനഭൂമി പതിച്ചു നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന്‌ ഇരട്ട നയമാണെന്നും പറഞ്ഞു. ഇടതു വലതു രാഷ്‌ട്രീയ പാര്‍ട്ടികള്‍ ചില പ്രത്യേക സമുദായത്തിനാണ്‌ പട്ടയം ഉറപ്പാക്കുന്നതെന്നും ഭൂമി നയത്തില്‍ സര്‍ക്കാര്‍ ഹിന്ദു സമൂഹത്തിനെതിരാണെന്നും പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :