യുഡിഎഫിനുമേല്‍ അഴിമതിയുടെ കരിനിഴല്‍; ഘടകകക്ഷികളെ കയറൂരി വിടരുത്: വിഡി സതീശന്‍

തിരുവനന്തപുരം| Last Modified വെള്ളി, 15 മെയ് 2015 (13:57 IST)
യുഡിഎഫിനുമേല്‍ അഴിമതിയുടെ കരിനിഴല്‍ വീണു കഴിഞ്ഞെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍. ഇതില്‍ നിന്ന് പുറത്ത് കടക്കാന്‍ ഉചിതമായ തീരുമാനം വേണം ഇല്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വി ഡി സതീശന്‍ ഇക്കാര്യം പറഞ്ഞത്.

പാര്‍ട്ടി മന്ത്രിമാരെ നിയന്ത്രിക്കാനേ കെ.പി സിസിക്കു പറ്റൂ. ഘടകകക്ഷി മന്ത്രിമാരെ നിയന്ത്രിക്കാന്‍ കെ.പി.സി.സിക്ക് സാധിക്കില്ല. അതു ചെയ്യേണ്ടത് മുഖ്യമന്ത്രിയാണ്. യുഡി എഫിന്റെ ഇമേജിന് കോട്ടം വരുത്തുന്ന കാര്യവുമായി ആര് മുന്നോട്ട് പോയാലും നിയന്ത്രിക്കാന്‍ കഴിയണം അവരെ കയറൂരി വിടരുതെന്നും
മുഖ്യമന്ത്രിക്ക് അതിന് ബാധ്യതയുണ്ടെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

രണ്ടാം യുപിഎ സര്‍ക്കാറിനുണ്ടായ അപകടം യുഡിഎഫിനുണ്ടാവരുത്. ഘടകകക്ഷികള്‍ക്കുനേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്ക് വിലകോടുക്കേണ്ടി വന്നത് കോണ്‍ഗ്രസിനാണ്. അതേ അവസ്ഥ കേരളത്തിലെ കോണ്‍ഗ്രസിന് ഉണ്ടാവാതിരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ വളരെ ഗൌരവത്തോടെ ചര്‍ച്ച ചെയ്യേണ്ട കാര്യമാണിത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് യു.ഡി.എഫില്‍ നേതൃമാറ്റം ഉണ്ടാവാത്തതെന്ന് സതീശന്‍ വ്യക്തമാക്കി. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ സര്‍വഥാ യോഗ്യനാണെന്നും കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രസന്നമായ മുഖമാണ് ചെന്നിത്തലയുടേതെന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :