രേണുക വേണു|
Last Modified ചൊവ്വ, 14 ജനുവരി 2025 (10:43 IST)
PV Anvar and VD Satheesan
രാഷ്ട്രീയ അഭയത്തിനായി യുഡിഎഫിനു മുന്‍പില്‍ തലകുനിച്ച് പി.വി.അന്‍വര്‍. എംഎല്‍എ സ്ഥാനം രാജിവെച്ച അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമാകുകയാണ്. അപ്പോഴും കേരളത്തില്‍ യുഡിഎഫിന്റെ പിന്തുണയില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോകില്ലെന്ന് മനസിലാക്കിയാണ് അന്‍വര്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടു നിരുപാധികം മാപ്പ് ചോദിച്ചത്. എല്‍ഡിഎഫില്‍ ആയിരുന്നപ്പോള്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ നടത്തിയ വിമര്‍ശനങ്ങളിലും ആരോപണങ്ങളിലും പരസ്യമായി ക്ഷമാപണം നടത്തണമെന്ന് സതീശന്‍ അന്‍വറിനോടു ആവശ്യപ്പെട്ടിരുന്നതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തിനിടെ അന്‍വര്‍ 'തലകുനിച്ച്' മാപ്പ് ചോദിച്ചത്.
എല്‍ഡിഎഫില്‍ ആയിരിക്കെ അന്‍വര്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ 150 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. കോഴ ആരോപണം നിയമസഭയില്‍ ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ നിര്‍ബന്ധത്താല്‍ ആണെന്ന് അന്‍വര്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴ ആരോപണം മൂലം വി.ഡി.സതീശനുണ്ടായ മാനഹാനിക്ക് അദ്ദേഹത്തോടു മാപ്പ് ചോദിക്കുന്നതായും അന്‍വര്‍ പറഞ്ഞു.
സതീശന്റെ കൂടി നിര്‍ബന്ധത്തെ തുടര്‍ന്നാണ് അന്‍വര്‍ ഇപ്പോള്‍ ക്ഷമാപണം നടത്തിയിരിക്കുന്നത്. അന്‍വറിനെ പിന്തുണയ്ക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അടക്കം തീരുമാനിച്ചപ്പോഴും എതിര്‍പ്പ് പ്രകടിപ്പിച്ചത് സതീശനാണ്. അന്‍വര്‍ നിയമസഭയില്‍ ഉയര്‍ത്തിയ കോഴ ആരോപണമാണ് അതിനു കാരണം. ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തുകയാണെങ്കില്‍ അന്‍വറുമായി സഹകരിക്കുന്ന കാര്യം ആലോചിക്കാമെന്ന നിലപാടിലായിരുന്നു സതീശന്‍. ഇത് മനസിലാക്കിയപ്പോഴാണ് ഗത്യന്തരമില്ലാതെ അന്‍വര്‍ പരസ്യമായി മാപ്പ് പറഞ്ഞത്.
അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നതായാണ് സതീശന്റെ പ്രതികരണം. അതായത് മാപ്പ് വന്നതിനു പിന്നാലെ അന്‍വറിനെതിരായ നിലപാട് സതീശന്‍ മയപ്പെടുത്തി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് തനിക്കൊരു നിലപാടുമില്ല. അന്‍വറിന് നേരെ വാതില്‍ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം കോണ്‍ഗ്രസും യുഡിഎഫും തീരുമാനിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.