വല്ലാര്‍പാടം ടെര്‍മിനല്‍ നിരത്തുന്നത് നഷ്ടക്കണക്ക്, സി‌എജി ഓഡിറ്റിംഗിന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

കൊച്ചി| VISHNU N L| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (12:42 IST)
രാജ്യത്തെ ഏക കണ്ടെയ്നര്‍ ട്രാന്‍ഷിപ്പ് ടെര്‍മിനലായ വല്ലാര്‍പാടത്തിന്റെ നടത്തിപ്പുകാരായ് ദുബായ് പോര്‍ട്ട് വേള്‍ഡിന്റെ പെര്‍ഫോമന്‍സ് പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. ഇതിനായി കം‌പ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ(സി‌എജി) പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയതായാണ് വിവരം. ടെര്‍മിനലുമായി ബന്ധപ്പെട്ട ദുബായ് പോര്‍ട്ടിന്റെ എല്ലാ ഇടപാടുകളും സി‌എജി പരിശോധിക്കും.

വല്ലാര്‍പാടം ടെര്‍മിനല്‍ ലക്ഷ്യം നേടനാകാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രശ്നത്തില്‍ ഇടപെടുന്നത്. ദേശീയ പ്രാധാന്യമുള്ള ഒരു പദ്ധതി നഷ്ടത്തിലേക്ക് പോകുന്നത് ചൂണ്ടിക്കാറ്റി തൊഴിലാളി സംഘടനകള്‍ പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു.

കണ്ടെയ്നറുകള്‍ ഇന്ത്യയില്‍ നിന്ന് വിദേശ ടെര്‍മിനലുകളിലെക്ക് കൊണ്ടുപോയി അവിടെ നിന്ന് കയറ്റി അയയ്ക്കുന്നതിനു പകരം ഇന്ത്യയില്‍ നിന്നു തന്നെ കയറ്റുമതി ചെയ്യുകയായിരുന്നു വല്ലാര്‍പാടം ടെര്‍മിനല്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പദ്ധതിക്കായി 2000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ചിലവാക്കി. ഏഷ്യയിലെ ഏറ്റവും നീളമേറിയ റെയില്‍‌പാതയും, റോഡും മറ്റ് അനുബന്ധ സൌകര്യങ്ങളും ഇങ്ങനെ ഉണ്ടായതാണ്.

2011ല്‍ മുന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗാണ് വല്ലാര്‍പാടം ടെര്‍മിനല്‍ രാജ്യത്തിനു സമര്‍പ്പിച്ചത്. നടത്തിപ്പുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡുമായി 30 വര്‍ഷത്തെ കരാറാണുള്ളത്. വല്ലാര്‍പാടം നഷ്ടത്തിലായതോടെ ടെര്‍മിനലിന് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയ കൊച്ചി തുറമുഖ ട്രസ്റ്റും പ്രതിസന്ധിയിലായി. ദുബായ് പോര്‍ട്ടുമായുള്ള കരാര്‍ റദ്ദാക്കി ടെര്‍മിനല്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഇപ്പോള്‍ തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നത്.

അതേസമയം ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങളില്‍ സി‌എജി പരിശോധന വരുന്നതിനെതിരെ ദുബായ് പോര്‍ട്ട് വേള്‍ഡ് രംഗത്ത് വന്നിട്ടുണ്ട്. സി‌എജിക്ക് ഇതിന് അധികാരമില്ലെന്നാണ് ദുബായ് പോര്‍ട്ടിന്റെ വാദം. ഏതായാലും വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫ്ഫിസിന്റെ തീരുമാനം നിര്‍ണായകമാകും. ദുബായ് പോര്‍ട്ടുമായുള്ള കരാര്‍ റദ്ദാക്കി തദ്ദേശീയ കമ്പനികളെ ഏല്‍പ്പിച്ചേക്കുമെന്ന് സൂചനകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :