അഞ്ച് വര്‍ഷം ഉമ്മന്‍ചാണ്ടി കമ്പനിയുടെ സുവര്‍ണ കാലഘട്ടമായിരുന്നു: പിണറായി

യുഡിഎഫ് സര്‍ക്കാര്‍ , ഗവര്‍ണര്‍ പി സദാശിവം , പിണറായി വിജയന്‍ , വിഎസ് അച്യുതാനന്ദന്‍
കൊച്ചി| jibin| Last Modified വെള്ളി, 5 ഫെബ്രുവരി 2016 (11:17 IST)
യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷം സുവര്‍ണ കാലഘട്ടമായിരുന്നുവെന്ന ഗവര്‍ണര്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടിയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. കഴിഞ്ഞ അഞ്ച് വര്‍ഷം ഉമ്മന്‍ചാണ്ടി കമ്പനിയുടെ സുവര്‍ണ കാലഘട്ടമായിരുന്നു. കോണ്‍ഗ്രസിന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് മൂന്ന് ഡിജിപിമാരെ മറികടന്ന് എഡിജിപി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചത്. ബാര്‍ കോഴ കേസ് അന്വേഷിച്ച എസ്പി സുഗേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചത് സര്‍ക്കാരിന്റെ വരുതിയിലാക്കാനുള്ള സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്നും പിണറായി പറഞ്ഞു.

അഴിമതി വീരന്മാരെ വെച്ച് ഭരണം തുടരരുതെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.
ഗവര്‍ണറുമായി പ്രതിപക്ഷത്തിന് അഭിപ്രായഭിന്നതയില്ല. ഗവര്‍ണറോടുള്ള ബഹുമാനക്കുറവ് കൊണ്ടല്ല പ്രതിപക്ഷം ഇറങ്ങിപ്പോയത്. അഴിമതി വീരന്മാര്‍ക്ക് വേണ്ടി നയപ്രഖ്യാപനപ്രസംഗം നടത്തുന്നതിനോടാണ് ഭിന്നത. ഇക്കാര്യത്തില്‍ കേരളത്തിന്റെ പ്രതിഷേധം ഗവര്‍ണറെ അറിയിച്ചെന്നും സഭയ്ക്കു പുറത്ത് അദ്ദേഹം പറഞ്ഞു.

ബാർ, സോളർ, പാമോലിൻ, പാറ്റൂർ അടക്കം കോഴ ആരോപണങ്ങൾ നേരിടുന്ന അഴിമതി വീരന്മാരാണ് സഭയിലുള്ളത്. അഴിമതി വീരന്മാരായ കെ ബാബു, ആര്യാടൻ മുഹമ്മദ് എന്നിവരെവെച്ച് സഭ മുന്നോട്ടു പോകാൻ സാധിക്കില്ല. അഴിമതിക്കാരുടെ ചാമ്പ്യന്മാരാണ് മന്ത്രിസഭയിലുള്ളതെന്നും വി എസ് ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :