മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി; ഫൈവ് സ്‌റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ്‌ നല്‍കില്ല, പത്ത് വര്‍ഷംകൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം ലക്ഷ്യം- യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

മദ്യനയം ദുരുപയോഗം ചെയ്യാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും

യുഡിഎഫ് പ്രകടന പത്രിക , മുഖ്യമന്ത്രി ഉമ്മൻചാണ്ടി , പഞ്ചനക്ഷത്ര ഹോട്ടലുകൾ , ഫൈവ് സ്‌റ്റാർ ബാര്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (12:09 IST)
സംസ്ഥാനത്ത് പുതിയ തുടങ്ങാൻ അനുമതി നൽകില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പത്തുവർഷം കൊണ്ട് കേരളത്തെ മദ്യവിമുക്തമാക്കുന്നതിനൊപ്പം ത്രീ സ്റ്റാർ ഹോട്ടലുകൾ ഫൈവ് സ്റ്റാറാക്കിയാലും ലൈസൻസില്ല. കേന്ദ്രം ഫൈവ് സ്‌റ്റാർ ക്ലാസിഫിക്കേഷൻ നൽകിയാലും പുതിയ പഞ്ചനക്ഷത്ര ഹോട്ടലുകൾ അനുവദിക്കുന്നതിന് സംസ്ഥാനം കർശന വ്യവസ്ഥകൾ മുന്നോട്ട് വയ്‌ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


മദ്യനയം ദുരുപയോഗം ചെയ്യാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഈ സർക്കാർ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് ഇനി ബാർ ലൈസൻസ് നൽകില്ലെന്നും യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം മദ്യരഹിത സംസ്ഥാനമെന്ന യാത്രയിലേക്കാണെന്നു പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

എല്ലാവര്‍ക്കും വീട്, ഭക്ഷണം, ആരോഗ്യം, തൊഴില്‍, ജീവൻരക്ഷാ മരുന്ന് കുറഞ്ഞ വിലയ്‌ക്ക് എന്ന വാഗ്ദാനമാണ് പ്രകടന പത്രികയിലെ മറ്റൊരു ആകര്‍ഷണം. എപിഎല്‍ വിഭാഗത്തിന് നിലവില്‍ എട്ട് രൂപയ്ക്ക് നല്‍കുന്ന അരി ഏഴ് രൂപയ്ക്ക് നല്‍കും. കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ ലഭ്യമാക്കും. കൂടാതെ ഓപ്പറേഷൻ കുബേര ശക്തമാക്കും, കർഷകർക്ക് ആശ്വാസം നൽകാൻ കൃഷിനിധി, കാർഷിക വായ്പയ്ക്ക് പലിശ ഇളവ്, സ്റ്റാർട്ടപ് സംരംഭങ്ങൾ വിപുലീകരിക്കുകയും കൂടുതൽ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യും, എയര്‍ കേരള പദ്ധതിയും തിരുവനന്തപുരം- കാസര്‍ഗോഡ് ജലപാതയും യാഥാര്‍ഥ്യമാക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

എട്ടാം ക്ലാസിൽ പഠിക്കുന്ന എല്ലാ പെൺകുട്ടികൾക്കും സൗജന്യമായി സൈക്കിൾ വിതരണം ചെയ്യുമെന്ന പ്രഖ്യാപനമാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ബി.പി.എൽ കുടുംബങ്ങളിലെ പെൺകുട്ടികൾക്കായി 'ഭാഗ്യലക്ഷ്മി' പദ്ധതിയുമുണ്ട്. മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കാൻ മിശ്ര വിവാഹിതർക്ക് കാൽ ലക്ഷം രൂപ നൽകും. നിർദ്ധന വിധവകളുടെ പുനർവിവാഹത്തിനും .വിധവകളുടെ പെൺമക്കളുടെയും അനാഥ പെൺകുട്ടികളുടെ വിവാഹത്തിനും കാൽ ലക്ഷം രൂപ നൽകും. വൃക്ക രോഗികൾക്ക് ഡയാലിസിസ് പൂർണമായും സൗജന്യമാക്കും. കാൻസർ രോഗികൾക്ക് മരുന്നും സൗജന്യമായി നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വച്ചാണ് പുറത്തിറക്കിയത്. എം.എം.ഹസൻ കൺവീനറും കെ.പി.എ.മജീദ്, ജോയി ഏബ്രഹാം, വർഗീസ് ജോർജ്, എൻകെ.പ്രേമചന്ദ്രൻ, ജോണി നെല്ലൂർ, സി.പി.ജോൺ എന്നിവർ അംഗങ്ങളായുള്ള സമിതിയാണു പ്രകടന പത്രികയ്ക്ക് അന്തിമരൂപം നൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :