സംസ്ഥാനത്ത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ അഴിഞ്ഞാടുന്നു: പ്രതിപക്ഷം

യുഡിഎഫ് , ആര്‍എസ്എസ്, ബിജെപി , നിയമസഭ , ഇപി ജയരാജന്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 14 ജൂലൈ 2015 (11:36 IST)
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം. കാസര്‍കോട് മൂന്നാം ക്ളാസുകാരനെ അയല്‍വാസി കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ബിജെപിക്കാരനായ പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സംഭവം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇപി ജയരാജനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്.

ഇപി ജയരാജനാണ് പ്രശ്നം സഭയില്‍ ഉന്നയിച്ചത്. ബിജെപിക്കാരനായ പ്രതി വിജയനെ മുമ്പും കേസുകളില്‍ നിന്ന് പൊലീസ് ഇങ്ങനെ രക്ഷിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. പ്രശ്നത്തില്‍ പ്രതിഷേധം ശക്തമായതോടെ സഭ അല്‍പ്പനേരം നിര്‍ത്തി. വീണ്ടും ചേര്‍ന്നപ്പോള്‍ ജയരാജന്‍ അടിയന്തരപ്രമേയ നോട്ടീസിന് അനുമതിതേടി സംസാരിച്ചു. അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു.

ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് കേരളാ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ബിജെപി കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ ഭാഗമാണ് നിലവിലെ സംഭവം. സംസ്ഥാനത്ത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണെന്നും പ്രതിപക്ഷം സഭയില്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസുകാരന്‍ മാത്രമല്ല, ബിജെപിക്കാരന്‍ കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ്
അച്യുതാനന്ദന്‍ ആരോപിച്ചു. പ്രവീണ്‍ തൊഗാഡിയ കേസും എംജി കോളജ് കേസും പിന്‍വലിച്ചത് ഇതിന് ഉദാഹരണമാണ്. കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുന്നു. ഉമ്മന്‍ചാണ്ടി പാഷാണത്തില്‍ വര്‍ക്കിയാണെന്നും വിഎസ് പറഞ്ഞു.

ആര്‍എസ്എസിനെ സംരക്ഷിക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാറിനോ കോണ്‍ഗ്രസിനോ ഇല്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. ആര്‍എസ്എസിനും ബിജെപിക്കും എതിരെ ശക്തമായ നിലപാട് എടുക്കുന്നത് തങ്ങളാണെന്നും ചെന്നിത്തല വ്യക്തമാക്കി. മൂന്നാം ക്ളാസുകാരന്റെ കൊലപാതകത്തിന് കാരണം പിതാവിനോടുള്ള വ്യക്തിവിരോധമാണ്. കേസിന്‍റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുന്നു. അന്വേഷണത്തില്‍ രാഷ്ട്രീയ സാമുദായിക ഇടപെടല്‍ ഉണ്ടായിട്ടില്ളെന്നും ചെന്നിത്തല പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :