നീലിമ ലക്ഷ്മി മോഹൻ|
Last Updated:
ഞായര്‍, 10 നവംബര്‍ 2019 (10:39 IST)
കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്. സംഭവം വിവാദമായതോടെ ഇരുവരേയും പാർട്ടിൽ നിന്നും ഒഴിവാക്കാൻ തീരുമാനം.
താഹ ഫസലിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത ലാപ്ടോപ്പ്, പെൻഡ്രൈവ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവയിലെ ഡോക്യുമെന്റുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഇതിനകത്തുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാകും ചോദ്യം ചെയ്യൽ.
അറസ്റ്റിലായവർ സിപിഐ മാവോയിസ്റ്റ് പ്രവർത്തകരാണെന്ന് നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പൊലീസ്. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും തങ്ങൾ മാവോയിസ്റ്റുകളെന്ന് സമ്മതിച്ചതായാണു എഫ്ഐആറിൽ പൊലീസ് പറയുന്നത്.
നേരത്തെ പ്രതികൾക്കെതിരായ യുഎപിഎ പിൻവലിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇരുവരും സിപിഐ മാവോയിസ്റ്റുകളാണെന്നും മാവോയിസ്റ്റ് പ്രതിഷേധ യോഗങ്ങളിൽ പങ്കെടുത്തത് തെളിയിക്കുന്ന മിനുട്സ് ഉൾപ്പടെയുള്ള രേഖകൾ കിട്ടിയെന്നും പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.