aparna shaji|
Last Modified വെള്ളി, 10 ജൂണ്‍ 2016 (13:35 IST)
ടിക്കടിനായി നീണ്ട വരിയിൽ ഇനി ക്യൂ നിൽക്കണ്ട, തള്ളലും ഉന്തലും കൂവലും ഇല്ലാതെ ഇനിമുതൽ പുത്തൻ പടം കാണാം. അതും നിങ്ങളുടെ ലിവിങ് റൂമിലിരുന്ന്. ഇഷ്ടമുള്ള സമയത്ത് ഇഷ്ടപ്പെട്ട
സിനിമ വീട്ടിലിരുന്ന് കാണാം. അക്ഷയയും പഞ്ചമി റിലീസിങ് കമ്ബനിയും സഹകരിച്ച് നടത്തുന്ന പുതിയ പദ്ധതി പ്രകാരം 100 രൂപ മുടക്കിയാൽ മതി നമുക്കും ഈ സേവനം ലഭ്യമാകാൻ.
അക്ഷയ കേന്ദ്രത്തിൽ നിന്നും ടിക്കറ്റ് എടുക്കുക. 100 രൂപയ്ക്ക് ടിക്കറ്റെടുത്താല്‍ കേബിള്‍ നെറ്റ്വര്‍ക്കുള്ളവര്‍ക്ക് വീട്ടിലിരുന്ന് പ്രദര്‍ശനം കാണാം. എ സി വി, കേരളവിഷന്, ഡെന്‍, ഭൂമിക, ഇടുക്കി കേബിള്‍ വിഷന്‍ എന്നിവയാണ് സംപ്രേഷണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ടിക്കറ്റിലെ കോഡുപയോഗിച്ച് ചാനല്‍ അണ്‍ലോക്ക് ചെയ്താല്‍ ടി വി യില്‍ പുത്തന്‍പടം കാണാനാകും. റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളില്‍ സിനിമ ലഭിച്ചുതുടങ്ങും.
തുടക്കത്തില്‍ 210 അക്ഷയകേന്ദ്രങ്ങള്‍ വഴി ടിക്കറ്റുകള്‍ നല്‍കും. അഞ്ച് പ്രദർശനങ്ങളാണുള്ളത്. എല്ലാ ഭാഷകളിലുമുള്ള സിനിമകള്‍ ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ഓരോ ജില്ലയിലും 15 അക്ഷയകേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അക്ഷയസംരംഭകര്‍ക്കുള്ള പരിശീലനവും നടന്നുവരുന്നു.