രേണുക വേണു|
Last Modified ബുധന്‍, 23 ജൂണ്‍ 2021 (11:47 IST)
ആമയിറച്ചി കഴിച്ച് 32 പേര്‍ മരിച്ച സംഭവത്തിന് അറുപതാണ്ട് പൂര്‍ത്തിയായി. 1961 മേയ് 29 നാണ് കൊല്ലം ശക്തികുളങ്ങരയില്‍ ആമയിറച്ചി കഴിച്ചതിനെ തുടര്‍ന്ന് ആളുകളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് മേയ്-ജൂണ്‍ മാസങ്ങളിലായി 32 പേര്‍ മരിച്ചു.
കടലില്‍ മീന്‍ പിടിക്കാന്‍ പോയവര്‍ക്കാണ് പാറപ്പുറത്ത് പായല്‍ തിന്നാല്‍ വരുന്ന അളുങ്കാമയെ കിട്ടിയത്. ഭീമന്‍ ആമയാണിത്. നന്നായി ഇറച്ചിയുണ്ടാകുമെന്നതാണ് അളുങ്കാമയുടെ പ്രത്യേകത. ഈ ഇറച്ചി പാകം ചെയ്ത് കഴിച്ചവരിലാണ് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടത്. മോഹാലസ്യവും ഛര്‍ദിയും വയറിളക്കവുമായി എല്ലാവര്‍ക്കും. ഛര്‍ദി അടക്കമുള്ള ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ നാട്ടുകാര്‍ ആദ്യം കരുതിയത് കോളറയാകുമെന്നാണ്. എന്നാല്‍, വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമാണ് ആമയിറച്ചി കഴിച്ചതാണ് പ്രശ്‌നമെന്ന് കണ്ടെത്തിയത്. ആമത്തോട് പരിശോധിച്ചപ്പോഴാണ് കാര്യം മനസിലായത്.
ആമയിറച്ചിയുടെ അവശിഷ്ടങ്ങള്‍ കഴിച്ച കാക്കകള്‍ പോലും ചത്തൊടുങ്ങി. ആമയിറച്ചി മഞ്ഞളിട്ടു പുഴുങ്ങി പാകം ചെയ്തവര്‍ക്ക് വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്നത്തെ സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷി കൂടിയായ ജോണ്‍ ജെയിംസ് മാതൃഭൂമി ന്യൂസ് ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കടലില്‍ മീന്‍ പിടിക്കാന്‍ പോയ സംഘത്തില്‍ ജോണ്‍ ജെയിംസും ഉണ്ടായിരുന്നു. ആമയിറച്ചി കഴിച്ച ജോണിന്റെ സഹോദരിയും ഭാര്യയും മരിച്ചെന്നും മാതൃഭൂമിയോട് പറഞ്ഞു.
നോര്‍വേയില്‍ നിന്നെത്തിച്ച മരുന്ന് കുത്തിവെച്ചശേഷമാണ് ആശുപത്രിയില്‍ കിടന്നവര്‍ക്ക് അസുഖം മാറിയത്. ആമകളിലെ സാല്‍മണെല്ല ബാക്ടീരിയയാണ് ദുരന്തത്തിനു കാരണമായതെന്നാണ് പറയുന്നത്.