ശ്രീനു എസ്|
Last Modified വ്യാഴം, 13 മെയ് 2021 (09:52 IST)
അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ മഴക്കെടുതി നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. മേയ് 16 വരെ തീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം നഗരത്തില്‍ പെയ്ത ശക്തമായ മഴയ്ക്കു പിന്നാലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായത് ആവര്‍ത്തിക്കാതിരിക്കാന്‍ അതിവേഗ നടപടി സ്വീകരിച്ചതായും കളക്ടര്‍ അറിയിച്ചു.
വെള്ളക്കെട്ടുണ്ടാകുന്ന മേഖലകളില്‍ ഓടകളും കനാലുകളും ജലാശയങ്ങളും മൂന്നു ദിവസത്തിനകം വൃത്തിയാക്കാനുള്ള നിര്‍ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നല്കിയെന്നു കളക്ടര്‍ പറഞ്ഞു. കുര്യാത്തി സ്കൂള്‍ മുതല്‍ തെക്കിനിക്കര കനാല്‍വരെ യമുനാ നഗര്‍ ഉള്‍പ്പെടുന്ന കുരിയാത്തി തോടിന്റെ 500 മീറ്റര്‍ ഭാഗങ്ങളും കിള്ളിയാറിലേക്കുള്ള 1500 മീറ്റര്‍ ഭാഗവും വൃത്തിയാക്കുന്ന ജോലികള്‍ 24 മണിക്കൂറിനകം ആരംഭിക്കും. 72 മണിക്കൂറിനുള്ളില്‍ ഇതു പൂര്‍ത്തിയാക്കാന്‍ മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എന്ജിനീയര്ക്കു നിര്‍ദേശം നല്കി.
അട്ടക്കുളങ്ങര കിള്ളിപ്പാലം ബൈപാസ് റോഡ്, പേരൂര്‍ക്കട - മണ്ണാമൂല റോഡ്, ഗാന്ധാരിയമ്മന്‍ കോവില്‍ റോഡ്, അട്ടക്കുളങ്ങര - തിരുവല്ലം റോഡ്, കണ്ണമ്മൂല - മുളവന റോഡ്, മണക്കാട് - പെരുന്നല്ലി റോഡ്, ഇടപ്പഴഞ്ഞി - ജഗതി റോഡ് എന്നിവിടങ്ങളിലെ ഓടകളും ചാലുകളും 72 മണിക്കൂറിനുള്ളില്‍ വൃത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എന്ജിനീയര്ക്കു നിര്‍ദേശം നല്കി.