ശ്രീനു എസ്|
Last Modified വെള്ളി, 19 ഫെബ്രുവരി 2021 (17:29 IST)
കേരളത്തിലെ കാലിസമ്പത്ത് വെളിവാക്കുന്ന 20 ാമത് കന്നുകാലി സെന്‍സസ് വനം-വന്യജീവി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ: കെ. രാജു പ്രകാശനം ചെയ്തു. സെന്‍സസ് വിവരശേഖരണം അനുസരിച്ച് സംസ്ഥാനത്ത് 29,08,657 കന്നുകാലികളുണ്ട്. മുന്‍ കന്നുകാലി സെന്‍സസുകളെ അപേക്ഷിച്ച് നിലവിലെ സെന്‍സസില്‍ കേരളത്തിലെ കാലിസമ്പത്തില്‍ 6.34 ശതമാനം വര്‍ധനവുള്ളതായി മന്ത്രി അറിയിച്ചു.
കാലിസമ്പത്തില്‍ 46.14 ശതമാനം കന്നുകാലികളും, 46.73 ശതമാനം ആടും 3.49 ശതമാനം എരുമയും, 0.05 ശതമാനം ചെമ്മരിയാടും 3.57 ശതമാനം പന്നിവര്‍ഗങ്ങളുമാണ്. സംസ്ഥാനത്ത് ആകെ പശു, കാള ഇനത്തിലെ കന്നുകാലികള്‍ 13,41,996 ആണ്. ഇതില്‍ 94 ശതമാനവും സങ്കരയിനത്തിലുള്ളവയാണ്. കന്നുകാലി വിഭാഗത്തില്‍ മാത്രം 1.01 ശതമാനം വര്‍ധനവുണ്ട്. 20 വര്‍ഷ കാലയളവില്‍ ആദ്യമായാണ് കന്നുകാലി ഇനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.
സംസ്ഥാനത്ത് ആകെ എരുമ വര്‍ഗങ്ങള്‍ 1,01,504 എണ്ണമാണ്. ആകെ ആടുവര്‍ഗങ്ങള്‍ 13,59,161 എണ്ണമാണ്. 1,03,863 ആണ് ആകെ പന്നിവര്‍ഗങ്ങളുടെ എണ്ണം. പന്നിവളര്‍ത്തലിലും വര്‍ധനവാണ് രേഖപ്പെടുത്തിയത്. 3.30 ശതമാനം വര്‍ധനവാണ് സംസ്ഥാനത്തെ പശുക്കളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. ആടു വളര്‍ത്തലില്‍ 9.08 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.