ശ്രീനു എസ്|
Last Modified വെള്ളി, 22 ജനുവരി 2021 (08:20 IST)
സെക്രട്ടേറിയറ്റിലെ അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി നടത്തിയ മോക്ഡ്രില്‍ വിജയകരം. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍, പോലീസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ രാവിലെ 11 ന് നടത്തിയ മോക്ഡ്രില്ലില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. അഗ്നിബാധ അറിയിപ്പിനുള്ള ഫയര്‍ അലാറം മുഴങ്ങിയ ഉടന്‍ ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനായി ഇവാക്യുവേഷന്‍ സംഘവും സെര്‍ച്ച് ആന്റ് റെസ്‌ക്യൂ സംഘവും പാഞ്ഞെത്തി. കൃത്യതയോടെ ജീവനക്കാരെ അസംബ്ലി പോയിന്റിലേക്ക് മാറ്റി.
ഫയര്‍ ഫൈറ്റിംഗ് ടീം അഗ്നി ബാധ ഇല്ലാതാക്കി. ഫസ്റ്റ് എയ്ഡ് ടീമിന്റെ നേതൃത്വത്തില്‍ പരിക്കു പറ്റിയവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി അവരെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി.
റീജിയണല്‍ ഫയര്‍ ഓഫീസര്‍ പി.ദിലീപന്‍, സ്റ്റേഷന്‍ ഓഫീസര്‍മാരായ ഡി. പ്രവീണ്‍, രൂപേഷ് എസ്.ബി എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം പേര്‍ ഉള്‍പ്പെട്ട അഗ്നിശമന സേനാസംഘമാണ് മോക്ഡ്രില്ലില്‍ പങ്കാളിയായത്.