തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
വ്യാഴം, 19 നവംബര്‍ 2020 (09:07 IST)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നവംബര്‍ 19 ന് അവസാനിക്കും. നാളെയാണു പത്രികകളുടെ സൂക്ഷ്മ പരിശോധന. വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രത്യേക സമയം നല്‍കിയാണു സൂക്ഷ്മ പരിശോധന നടത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥിക്കും നിര്‍ദേശകനും ഏജന്റിനും മാത്രമേ പരിശോധനാ ഹാളിലേക്കു പ്രവേശനം അനുവദിക്കൂ എന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.
രാവിലെ ഒമ്പതു മുതലാണ് സൂക്ഷ്മ പരിശോധന ആരംഭിക്കുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നാമനിര്‍ദേശ പത്രികകളുടെ പരിശോധന ജില്ലാ കളക്ടറുടെ ചേംബറിലും കോര്‍പ്പറേഷനിലെ 1 മുതല്‍ 25 വരെ വാര്‍ഡുകളിലെ സൂക്ഷ്മ പരിശോധന ജില്ലാ പ്ലാനിങ് ഓഫിസിലും 26 മുതല്‍ 50 വരെ വാര്‍ഡുകളിലേത് ജില്ലാ സപ്ലൈ ഓഫിസിലും 51 മുതല്‍ 75 വരെ ഡിവിഷുകളിലേത് സബ് കളക്ടറുടെ ഓഫിസിലുമാണ് നടക്കുന്നത്. കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലാണ് ഈ ഓഫിസുകള്‍. 76 മുതല്‍ 100 വരെ ഡിവിഷനുകളിലേത് പി.എം.ജിയിലെ തൊഴില്‍ ഭവനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലേബര്‍ ഓഫിസിലാണ് നടക്കുന്നത്.