തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
തിങ്കള്‍, 9 നവംബര്‍ 2020 (08:43 IST)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു പ്ലാസ്റ്റിക് സമ്പൂര്‍ണമായി ഒഴിവാക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. പരസ്യം സ്ഥാപിക്കുന്നതിനായി പ്ലാസ്റ്റിക് പേപ്പറുകള്‍, പ്ലാസ്റ്റിക് നൂലുകള്‍, പ്ലാസ്റ്റിക് റിബണുകള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്നു കളക്ടര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും പരിസ്ഥിതി സൗഹൃദവും മണ്ണില്‍ അലിഞ്ഞുചേരുന്നതും പുന:ചംക്രമണം ചെയ്യാന്‍ കഴിയുന്നതുമായ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പ്ലാസ്റ്റിക് , പി.വി.സി. തുടങ്ങിയവകൊണ്ടുണ്ടാക്കിയ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ ഉപയോഗിക്കരുത്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോട്ടണ്‍ തുണി, പേപ്പര്‍, പോളിഎത്തലീന്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. വോട്ടെടുപ്പിനു ശേഷം പോളിങ് സ്റ്റേഷനുകളില്‍ അവശേഷിക്കുന്ന വസ്തുക്കള്‍ നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ പ്രത്യേക ശ്രദ്ധവയ്കണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും ഇതേ നിര്‍ദേശം ബാധകമാണ്.