പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം നാളെ ; ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് നെയ്തലക്കാവിലമ്മ തെക്കേ ഗോപുര നടതുറന്നു

തൃശൂര്‍പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് നെയ്തലക്കാവിലമ്മ ഇന്ന് കാലത്ത് വടക്കുംനാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുര നടതുറന്നു

തൃശൂര്‍പൂരം, വടക്കുംനാഥന്‍, തെച്ചികൊട്ടുകാവ് രാമചന്ദ്രൻ, തിരുവമ്പാടി thrissur, vadakkum nathan, thechikkottu kavu ramachandran, thiruvambadi
തൃശൂര്| സജിത്ത്| Last Modified ശനി, 16 ഏപ്രില്‍ 2016 (10:09 IST)
തൃശൂര്‍പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് നെയ്തലക്കാവിലമ്മ ഇന്ന് കാലത്ത് വടക്കുംനാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുര നടതുറന്നു. ഏകചത്രാതിപതി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയാണ്
വടക്കുംനാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുര നടയിലേക്കെത്തിയത്. നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

നാളെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് വടക്കുംനാഥക്ഷേത്രത്തിലെക്കുള്ള ഘടക പൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങുക. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട് എന്നിവയാണ് പൂരത്തിന്റെ പ്രധാന ആകർഷണങ്ങള്‍. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് തൃശൂര്‍പൂരത്തിന്റെ പ്രധാന ചടങ്ങുകൾ.

തൃശൂർ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥൻ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്. പൂരത്തിൻറെ മുഖ്യ പങ്കാളിത്തവും ഈ രണ്ടുവിഭാഗക്കാർക്കാണ്. തിരുവമ്പാടിക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ കൃഷ്ണനാണെങ്കിലും പൂരത്തിൽ അവിടത്തെ ഒരു ഉപദേവതയായ ഭഗവതിയാണ് പൂരത്തിൽ പങ്കെടുക്കുന്നത്. എട്ട് ചെറുപൂരങ്ങൾ കൂടി അടങ്ങുന്നതാണ് തൃശൂർ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി - പാറമേ‍ക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുള്ള വഴിയിൽ ഇവർക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.

പൂരത്തിന് നാന്ദി കുറിച്ച് സാമ്പിള്‍ വെടിക്കെട്ട് ഇന്നലെ നടന്നു. ശബ്ദഘോഷത്തിനൊപ്പം വിണ്ണിലേക്ക് വര്‍ണം കൂടി വാരിയെറിഞ്ഞപ്പോള്‍ തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഉജ്ജ്വലമായി. കര്‍ശന നിയന്ത്രണങ്ങള്‍ സൃഷ്ടിച്ച ഉദ്വോഗത്തിനെടുവില്‍ ഒന്നര മണിക്കൂറോളം വൈകി സാമ്പിളിന് തിരികൊളുത്തിയപ്പോള്‍ കാത്തിരുന്ന പുരുഷാരം കടല്‍പോലെ ഇളകി. എട്ടേകാലോടെയാണ് സാമ്പിള്‍ ആരംഭിച്ചത്. ശബ്ദംകൊണ്ട് കാതുകളെ പ്രകമ്പനം കൊള്ളിച്ചും വര്‍ണംകൊണ്ട് കണ്ണുകളെ വിസ്മയിപ്പിച്ചും ആമോദത്തിന്റെ പുതുതലങ്ങള്‍ പലനിലകളില്‍ കെട്ടിയുയര്‍ത്തിയ സാമ്പിള്‍ അവിസ്മരണീയമായൊരു കലാവിരുന്നായി. ആകാംക്ഷയുടെ ദിവസങ്ങള്‍ക്കുശേഷമുള്ള സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ ആയിരങ്ങളാണ് നഗരത്തില്‍ വെള്ളിയാഴ്ച വൈകീട്ട് എത്തിയിരുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :