Thrissur Pooram: തൃശൂര്‍ പൂരം 19 ന്, വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പ് ധരിച്ചു പ്രവേശിക്കുന്നതിനു വിലക്ക്

പൂരത്തിനു എഴുന്നള്ളിക്കുന്ന ആനയും ആള്‍ക്കൂട്ടവും തമ്മിലുള്ള ദൂരം ആറ് മീറ്ററായിരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു

രേണുക വേണു| Last Modified ചൊവ്വ, 16 ഏപ്രില്‍ 2024 (10:45 IST)

Thrissur Pooram: തൃശൂര്‍ പൂരത്തിനു വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പ് ധരിച്ചു പ്രവേശിക്കുന്നത് ഹൈക്കോടതി വിലക്കി. ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്നും ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

പൂരത്തിനു എഴുന്നള്ളിക്കുന്ന ആനയും ആള്‍ക്കൂട്ടവും തമ്മിലുള്ള ദൂരം ആറ് മീറ്ററായിരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഇതിനിടയില്‍ തീവെട്ടി, ചെണ്ടമേളം ഉള്‍പ്പെടെ ഒന്നും ഉണ്ടാവാന്‍ പാടില്ലെന്നും ഇക്കാര്യങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

പൂരം നടക്കുന്ന ഏപ്രില്‍ 17, 18, 19, 20 തിയതികളില്‍ ഹെലികോപ്റ്റര്‍, ഹെലികാം എയര്‍ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗം വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിനു മുകളിലും സ്വരാജ് റൗണ്ടിലും പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :