പ്രൗഡി ചോരാതെ കോടതി നിർദേശങ്ങൾ പാലിച്ച് തൃശൂർ പൂരം നടക്കും: മുഖ്യമന്ത്രി

തൃശൂർ പൂരം പ്രൗഡി ചോരാതെ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

തൃശൂർ പൂരം,ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല thrissur pooram, oommen chandi, ramesh chennithala
തൃശൂർ| സജിത്ത്| Last Modified വെള്ളി, 15 ഏപ്രില്‍ 2016 (09:10 IST)
തൃശൂർ പൂരം പ്രൗഡി ചോരാതെ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോടതി നിർദേശവും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കും. പതിവുപോലെ നടത്താറുള്ള ആനയെഴുന്നെള്ളത്തും പൂരത്തിനുണ്ടാകും.
എഴുന്നെള്ളത്തിനുള്ള എല്ലാ മാനദണ്ഡങ്ങളും നടപ്പാക്കും. നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. ആഘോഷങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് സുരക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തവണ നടത്തിയ പോലെ പൂരം നടത്തണമെന്നാണ് ദേവസ്വം ഭാരവാഹികള്‍ ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ ചെയ്ത സഹായ സഹകരണങ്ങള്‍ തുടര്‍ന്നും സര്‍ക്കാര്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കൊല്ലം നടത്തിയ പോലെ പൂരം ഏറ്റവും ഭംഗിയായി നടത്താനാണ് പുരം സംബന്ധിച്ച് ഇന്ന് നടന്ന ആലോചനാ യോഗത്തില്‍ തീരുമാനമായതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

തൃശൂരിന്റെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ് പൂരമെന്ന്
നിരീക്ഷിച്ചുകൊണ്ടാണ് ഉപാധികളോടെ പൂരം നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്. വെടിക്കെട്ടിന് നിരോധിത വെടിമരുന്നുകൾ അനുവദിക്കില്ല. ശബ്ദനിയന്ത്രണം പാലിക്കുന്നുവെന്ന കാര്യം കർശനമായി ഉറപ്പുവരുത്താനും കോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 2007ൽ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധികൾ അനുസരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :