സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 3 ഏപ്രില്‍ 2024 (10:38 IST)
തൃശൂര്‍ പൂരം വെടിക്കെട്ടിന് ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവയും വെടിക്കെട്ട് സാമഗ്രികളില്‍ നിരോധിത രാസവസ്തുക്കളും ഉപയോഗിക്കരുതെന്ന് നിര്‍ദേശം. പൂരത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ വി.ആര് കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തണം. ഫയര്‍ ലൈനില്‍ നിന്ന് 100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച് കാണികളെ സുരക്ഷിതമായി നിര്‍ത്തണം. ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവയും വെടിക്കെട്ട് സാമഗ്രികളില്‍ നിരോധിത രാസവസ്തുക്കളും ഉപയോഗിക്കരുത്. വെടിക്കെട്ട് ലൈസന്‍സുള്ളവരില്‍ അനുഭവ പരിജ്ഞാനമുള്ളവരെ നിയോഗിക്കണം.
ക്രമസമാധാനപാലനത്തിന് അയല്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെ ആവശ്യത്തിന് പൊലീസിനെ വിന്യസിക്കും. പൂരദിവസങ്ങളിലെ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പൂരപറമ്പില്‍ ഹെലികാം/ ഡ്രോണ്‍ അനുവദിക്കില്ല. പൊലീസ് കണ്ട്രോള് റൂമും മിനി പൊലീസ് ഫെസിലിറ്റേഷന്‍ എയ്ഡ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജമാക്കും.