ഉത്സവങ്ങളെ വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള താത്പര്യം സംഘപരിവാറിന്റേത്, കോണ്‍ഗ്രസ് അതിനൊപ്പം നില്‍ക്കുന്നു; വിമര്‍ശിച്ച് മുഖ്യമന്ത്രി

വെടിക്കെട്ടിന്റെ മുന്നോടിയായി തൃശ്ശൂര്‍ റൗണ്ടില്‍ നിന്നും (സ്റ്റെറയില്‍ സോണ്‍) ജനങ്ങളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് തടസ്സവാദങ്ങള്‍ ഉന്നയിക്കപ്പെട്ടത്

രേണുക വേണു| Last Updated: തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (20:19 IST)

പൂരവും അതുപോലുള്ള ഉത്സവങ്ങളും വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള താത്പര്യം സംഘപരിവാറിന്റേതാണെന്നും അവര്‍ക്കൊപ്പം ചേര്‍ന്ന് നേട്ടം കൊയ്യാനുള്ള നീക്കമാണ് കേരളത്തിലെ പ്രതിപക്ഷം നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ പൂരം കലക്കണമെന്നത് സംഘപരിവാറിന്റെ താല്‍പര്യമായിരുന്നു. കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിന്റെ താത്പര്യമായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ ആരെങ്കിലും കുറ്റം ചെയ്യുകയോ അനാസ്ഥ കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും അര്‍ഹമായ ശിക്ഷ നല്‍കുകയും ചെയ്യും എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം

ജനസഹസ്രങ്ങള്‍ പങ്കാളികളായ തൃശൂര്‍ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. ഇത്തവണത്തെ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്. പൂരത്തോട് അനുബന്ധിച്ചുള്ള ചെറുപൂരങ്ങളും എഴുന്നള്ളിപ്പുകളും ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങിയ മറ്റെല്ലാ പ്രധാനപ്പെട്ട ചടങ്ങുകളും കൃത്യമായി നടക്കുകയുണ്ടായി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടിയുള്ള എഴുന്നള്ളിപ്പുകള്‍ അവസാനിക്കുന്നതോടുകൂടിയാണ് വെടിക്കെട്ട് ആരംഭിക്കേണ്ടത്.

വെടിക്കെട്ടിന്റെ മുന്നോടിയായി തൃശ്ശൂര്‍ റൗണ്ടില്‍ നിന്നും (സ്റ്റെറയില്‍ സോണ്‍) ജനങ്ങളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് തടസ്സവാദങ്ങള്‍ ഉന്നയിക്കപ്പെട്ടത്. വെടിക്കെട്ട് നടത്തുമ്പോഴുണ്ടാകേണ്ട നിയമാനുസൃതമായ സുരക്ഷാ ക്രമീകരണങ്ങളോട് ചില എതിര്‍പ്പുകളും അതിന്റെ ഭാഗമായി ദീപാലങ്കാരങ്ങള്‍ ഓഫ് ചെയ്യുന്നതുള്‍പ്പെടെയുള്ള ചില നടപടികളും ഉണ്ടായിട്ടുണ്ട്. പുലര്‍ച്ചെ മൂന്നുമണിയോടുകൂടി നടക്കേണ്ട വെടിക്കെട്ട് രാവിലെയാണ് നടന്നത്. പിറ്റേന്ന് നടക്കേണ്ട സമാപന വെടിക്കെട്ടും വൈകി.

ചില ആചാരങ്ങള്‍ ദേവസ്വങ്ങള്‍ ആ സമയത്ത് ചുരുക്കി നടത്തുകയാണ് ഉണ്ടായത്. സംഭവിച്ചതിന്റെയെല്ലാം കാരണങ്ങള്‍ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കവേ, പൂരം ആകെ അട്ടിമറിക്കപ്പെട്ടു എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത എന്തിനാണ് പ്രതിപക്ഷത്തിന് ഉണ്ടാവുന്നത്?

പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളത്. അന്വേഷണം സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിലും നിയമസഭയിലും ഇത് വ്യക്തമാക്കിയതാണ്.

പൂരവും അതുപോലുള്ള ഉത്സവങ്ങളും വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള താല്പര്യം സംഘപരിവാറിന്റേതാണ്. അത്തരം കുത്സിത നീക്കങ്ങള്‍ രാഷ്ട്രീയമായി തുറന്നു കാട്ടാനും തടയാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു പകരം സംഘപരിവാറിന്റെ അതേ ലക്ഷ്യത്തോടെ പൂരം കലങ്ങി എന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനുള്ള കുടില നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. അവ തുറന്നുകാട്ടുമ്പോള്‍ അസഹിഷ്ണുതയോടെ പൂരം കലങ്ങി എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായി കളിക്കുന്നത് കൊണ്ടാണ്. പൂരം കലക്കണം എന്നത് സംഘപരിവാറിന്റെ താല്പര്യം ആയിരുന്നു. കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിന്റെ താല്പര്യമായി മാറിയിരിക്കുന്നു. ഇതിന് രണ്ടിനോടും ഒപ്പം അല്ല പൂര പ്രേമികളും ജനങ്ങളാകെയും.

ഉദ്യോഗസ്ഥതലത്തില്‍ ആരെങ്കിലും കുറ്റം ചെയ്യുകയോ അനാസ്ഥ കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും അര്‍ഹമായ ശിക്ഷ നല്‍കുകയും ചെയ്യും എന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട്. പുരാഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും പരിശോധിക്കപ്പെടും. വരും വര്‍ഷങ്ങളില്‍ കുറ്റമുറ്റരീതിയില്‍ പൂരം നടത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റേത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :