തൃശൂര്‍ പൂരം കലക്കല്‍: ബിജെപിയെ പ്രതിരോധത്തിലാക്കി മൊഴി, ഗോപാലകൃഷ്ണനും തില്ലങ്കേരിയും തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ടു

അതേസമയം എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ തിരുവമ്പാടി ദേവസ്വത്തിനെതിരെ ആരോപണമുണ്ടായിരുന്നു

Suresh Gopi, valsan Thillankeri and B Gopalakrishnan
രേണുക വേണു| Last Modified ചൊവ്വ, 24 ഡിസം‌ബര്‍ 2024 (09:30 IST)
Suresh Gopi, valsan Thillankeri and B Gopalakrishnan

ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണനും തൃശൂര്‍ പൂരം കലങ്ങിയ ദിവസം തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ടിരുന്നുവെന്നു ദേവസ്വം ജോയിന്റ് സെക്രട്ടറി പി.ശശിധരന്റെ മൊഴി. ബിജെപിയെയും ആര്‍എസ്എസിനെയും പ്രതിരോധത്തിലാക്കുന്നതാണ് തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറിയുടെ മൊഴി. കഴിഞ്ഞ പൂരത്തിനു മാത്രമാണ് പതിവില്ലാതെ വല്‍സന്‍ തില്ലങ്കേരിയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതെന്നും മൊഴിയില്‍ ഉണ്ട്.


വെടിക്കെട്ട് ഉപേക്ഷിച്ച തീരുമാനം പുനഃപരിശോധിക്കാന്‍ ചേര്‍ന്ന ദേവസ്വം കമ്മിറ്റി യോഗത്തില്‍ സുരേഷ് ഗോപി പങ്കെടുത്തെന്നും വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ കൂടിയായിരുന്ന പി.ശശിധരന്‍ മൊഴി നല്‍കി. പൂരം അട്ടിമറിയെക്കുറിച്ച് എഡിജിപി എം.ആര്‍.അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലാണു ശശിധരന്റെ മൊഴിയുള്ളത്.

തിരുവമ്പാടി ദേവസ്വത്തിന്റെ ടാഗ് ധരിച്ചെത്തിയയാളാണ് സുരേഷ് ഗോപിയെ ആംബുലന്‍സില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ യോഗം നടന്ന സ്ഥലത്തേക്കു സേവാഭാരതിയുടെ ആംബുലന്‍സില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടതെന്നും പറയുന്നു. സേവാഭാരതിയുടെ ആംബുലന്‍സ് ഡ്രൈവര്‍ പ്രകാശന്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നു.

അതേസമയം എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ തിരുവമ്പാടി ദേവസ്വത്തിനെതിരെ ആരോപണമുണ്ടായിരുന്നു. പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം മുന്‍കൂട്ടി തീരുമാനം എടുത്തിരുന്നതായും സുന്ദര്‍ മേനോന്‍, ഗിരീഷ്, വിജയമേനോന്‍, ഉണ്ണികൃഷ്ണന്‍, രവി എന്നിവര്‍ പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മുന്‍നിശ്ചയിച്ച പ്രകാരം പൂരം നിര്‍ത്തിവച്ചതായി തിരുവമ്പാടി ദേവസ്വം പ്രഖ്യാപിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തിരുവമ്പാടിയെ മുന്‍നിര്‍ത്തി ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി എന്നിവരുടെ മൊഴിയുടെ രൂപത്തില്‍ അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :