അഭിറാം മനോഹർ|
Last Modified ഞായര്‍, 8 മെയ് 2022 (08:41 IST)
പൂരത്തിന്റെ നിറപകിട്ടുകൾ അണിയാൻ തയ്യാറായി തൃശൂർ നഗരവും. ചമയപ്രദര്‍ശനവും സാമ്പിള്‍ വെടിക്കെട്ടും ഞായറാഴ്ച നടക്കും. ചൊവ്വാഴ്‌ചയാണ് പൂരം. രാത്രി 7നാണ് സാമ്പിൾ വെടിക്കെട്ട്. പാറമേക്കാവാണ് ഇത്തവണ വെടിക്കെട്ടിന് ആദ്യം തീ കൊളുത്തുക. ഏഴരയോടെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടും നടക്കും.
ഞായറാഴ്‌ച തന്നെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളില്‍ ചമയപ്രദര്‍ശനം ആരംഭിക്കും. രാവിലെ 10ന് സുരേഷ്‌ഗോപി പാറമേക്കാവിന്റെ ചമയപ്രദർശനം ഉദ്‌ഘാടനം ചെയ്യും.തിരുവമ്പാടിയുടെ പ്രദര്‍ശനം കൗസ്തുഭം ഹാളില്‍ 10-ന് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
പൂരത്തിന് നാന്ദികുറിച്ചുകൊണ്ട് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനട തിങ്കളാഴ്ച തുറക്കും. പൂരദിവസമായ ചൊവ്വാഴ്ച രാവിലെ മുതല്‍ ഘടകപൂരങ്ങള്‍ വടക്കുന്നാഥക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും.ബുധനാഴ്ച രാവിലെയാണ് പകല്‍പ്പൂരം. തുടര്‍ന്ന് നടക്കുന്ന ഉപചാരം ചൊല്ലലോടെ ഇത്തവണത്തെ പൂരത്തിന് അവസാനമാകും.