മണിയുടെ മരണം; ഭാര്യാപിതാവിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു; കൊച്ചിയിലെ ഗുണ്ടാ നേതാവായ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനെയും ചോദ്യം ചെയ്യാന്‍ സാധ്യത

ലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് സുധാകരനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു

തൃശൂര്, കലാഭവന്‍ മണി, ദുരൂഹ മരണം, പൊലീസ് thrissur, kalabhavan mani, unnatuaral death, police
തൃശൂര്| Sajith| Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (08:11 IST)
കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് സുധാകരനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. സുധാകരന്റെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചു. ഇയാള്‍ ബിനാമിയായി ഭൂമി വാങ്ങിയിട്ടുണ്ടോ എന്നറിയാനും പൊലീസ് ശ്രമിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകളാണ് മണിയുടെ പേരിലുള്ളത്. ഏക്കര്‍ കണക്കിന് പുരയിടവും പത്ത് വീടുകളും മണിയുടെ പേരിലുണ്ട്. ഇതിന്റെയെല്ലാം വരുമാനം ഭാര്യാ പിതാവ് സുധാകരനാണ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് ചോദ്യം ചെയ്തത്. സുധാകരന്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസും നടത്തി വരികയാണ്.

അതേസമയം, മണിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കൊച്ചിയിലെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരന്‍ കൂടിയായ കുപ്രസിദ്ധ ഗുണ്ടാത്തലവനെ ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്. ഇയാളെ മണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇയാള്‍ക്ക് മണിയുടെ സമ്പാദ്യങ്ങളെപ്പറ്റി വ്യക്തമായ അറിവുണ്ടാകാമെന്ന നിഗമനത്തിലാണ് ഈ തീരുമാനം. തൃശൂര്‍ കേന്ദ്രീകരിച്ച് മണി ഇയാള്‍ക്കൊപ്പം ഒത്തുതീര്‍പ്പ് ഇടപാടുകള്‍ നടത്തിയിരുന്നെന്നും അതുവഴി മണിക്ക് നിരവധി ശത്രുക്കളുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി മണിയുടെ മറ്റു ബന്ധുക്കള്‍, സഹായികള്‍ എന്നിവരുടെയും സ്വത്തുക്കള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ ബിനാമി സ്വത്തുക്കളും ഉള്ളതായി സൂചന ലഭിച്ചിരുന്നു. മണിയുടെ മരണത്തിന് പിന്നില്‍ സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള സഹായികളുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :