പാലാ പിടിച്ചെങ്കിൽ പിന്നെ എവിടെയാണ് ജയിക്കാനാകാത്തത്? മഞ്ചേശ്വരം മുതൽ വട്ടിയൂർക്കാവു വരെ എൽ ഡി എഫ് വിജയക്കൊടി പാറിക്കും: തോമസ് ഐസക്

എസ് ഹർഷ| Last Modified ശനി, 28 സെപ്‌റ്റംബര്‍ 2019 (10:36 IST)
കേരളത്തെ ഞെട്ടിച്ച തെരഞ്ഞെടുപ്പ് ഫലമായിരുന്നു ഇന്നലെ പുറത്തുവന്നത്. യു ഡി എഫ് കോട്ടയായ പാല തകർത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ജയിച്ചതോടെ ഇരുട്ടിലായിരിക്കുകയാണ് കേരള കോൺഗ്രസ് എം. പാലാ മാത്രമല്ല, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മുതൽ വട്ടിയൂർക്കാവ് വരെ എൽ ഡി എഫ് തൂത്തുവാരുമെന്ന് ധനമന്ത്രി തോമസ് ഐസക് കുറിച്ചു. ഫെസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പാലയിലെ എൽഡിഎഫ് വിജയം ഒരുകാര്യം അസന്നിഗ്ധമായി ഉറപ്പിക്കുന്നു. ലോകസഭാ തിരഞ്ഞെടുപ്പിൽ കണ്ടതല്ല, കേരളത്തിലെ രാഷ്ട്രീയബലാബലം. അതൊരു പ്രത്യേക സാഹചര്യത്തിൻ്റെ സൃഷ്ടിയാണ്. ആ അന്തരീക്ഷം പൂർണമായും മാറിയിരിക്കുന്നു. അതാണ് പാലാ തിരഞ്ഞെടുപ്പു ഫലത്തിൻ്റെ രാഷ്ട്രീയ പ്രസക്തി.

ഈ വിജയം വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും തുടരും. പാലായിൽ വിജയിക്കാനാവുമെങ്കിൽ പിന്നെ ഏതു മണ്ഡലത്തിലാണ് വിജയിക്കാനാവാത്തത്? മഞ്ചേശ്വരം മുതൽ വട്ടിയൂർക്കാവു വരെ ഈ വർദ്ധിതമായ ആത്മവീര്യത്തിൽ പ്രചോദിതരായാണ് എൽഡിഎഫ് പ്രവർത്തകർ തെരഞ്ഞെടുപ്പു പോരാട്ടത്തിനിറങ്ങുന്നത്.

പാലായിലെ തിരഞ്ഞെടുപ്പു ചർച്ചയിൽ നിന്ന് പാലാരിവട്ടം അഴിമതി മറയ്ക്കാൻ യുഡിഎഫിന്റെ ബുദ്ധിശാലകൾ തട്ടിക്കൂട്ടിയ ആരോപണങ്ങളെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നു. കിഫ്ബി അടക്കമുള്ള അഭിമാനപദ്ധതികൾക്കെതിരെ മെനഞ്ഞ ദുരാരോപണങ്ങൾ ജനം മുഖവിലയ്ക്കെടുത്തിട്ടില്ല എന്നാണ് മാണി സി കാപ്പന്റെ വിജയം തെളിയിക്കുന്നത്. ആരോപണങ്ങൾ അസംബന്ധമാണെന്ന എൽഡിഎഫിന്റെ വിശദീകരണമാണ് ജനങ്ങൾ സ്വീകരിച്ചത്. വികസന പ്രവർത്തനങ്ങൾ ഊർജസ്വലമായി മുന്നോട്ടുകൊണ്ടുപോകാൻ സംസ്ഥാന സർക്കാരിന് ജനങ്ങൾ നൽകിയ ലൈസൻസാണ് പാലായിലെ അഭിമാനകരമായ വിജയം.

പാലായിൽ 54 വർഷത്തെ യുഡിഎഫ് കുത്തകയാണ് അവസാനിച്ചത്. സർക്കാരിന്റെ വികസന നേട്ടങ്ങൾ, സദ്ഭരണം, അഴിമതി വിരുദ്ധത , പുത്തൻ മാതൃകകൾ, ക്ഷേമ പ്രവർത്തനങ്ങളിലും ആശുപത്രികളിലും പള്ളിക്കൂടങ്ങളിലും വിരിഞ്ഞ സർക്കാരിന്റെ കരുതൽ എല്ലാം എണ്ണിപ്പറഞ്ഞ് നേരിട്ട തെരഞ്ഞെടുപ്പിലാണ് യുഡിഎഫിന്റെ ഈ കുത്തക തകർന്നത്. തിരഞ്ഞെടുപ്പു പ്രചരണത്തിന് എൽഡിഎഫ് വസ്തുതകളെയും യുഡിഎഫ് അപവാദങ്ങളെയുമാണ് ആശ്രയിച്ചത്.

ഈ തിരിച്ചറിവ് പ്രതിപക്ഷത്തിനുണ്ടാകുന്നത് നന്ന്. പാലായിലെ യുഡിഎഫ് കുത്തക അവസാനിപ്പിച്ച മാണി സി കാപ്പനും പാലയിലെ ജനങ്ങൾക്കും അഭിവാദ്യങ്ങൾ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :