സംഘികളേ, നിങ്ങളെങ്കിലും പറഞ്ഞ് തരുമോ എന്തിനാണ് മോദി ഈ പാതകം ചെയ്തതെന്ന്? എന്തിനായിരുന്നു ഈ അർദ്ധരാത്രി നാടകം?: തോമസ് ഐസക്

''ഞാൻ എഴുതിയത് തെറ്റിപ്പോയി''- തോമസ് ഐസക് മലക്കം മറിയുന്നുവോ?

aparna shaji| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2016 (07:53 IST)
കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധന പ്രഖ്യാപനം വന്നതുമുതൽ നടപടിയെ ചോദ്യം ചെയ്യുകയും എതിർക്കുകയും ചെയ്തയാളാണ് ധനമന്ത്രി തോമസ് ഐസക്. നിരോധിച്ച നോട്ടുകളിൽ 90 -95 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തുമെന്ന് തോമസ് ഐസക് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, തനിയ്ക്ക് തെറ്റിപോയെന്നും തിരിച്ചുവരുന്നത് മുഴുവൻ നോട്ടുകളും ആണെന്ന്
കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയയുടെ വാക്കുകളിലൂടെ ഇപ്പോൾ വ്യക്തമാകുന്നുവെന്ന് തോമസ് ഐസക് പറയുന്നു. എങ്കിൽ പിന്നെ എന്തിനായിരുന്നു ഈ അർദ്ധരാത്രി നാടകമെന്നാണ് മന്ത്രി ചോദിക്കുന്നത്.

തോമസ് ഐസകിന്റെ വാക്കുകളിലൂടെ:

ഞാന്‍ എഴുതിയത് തെറ്റി പോയി. 90- 95 % റദ്ദാക്കപ്പെട്ട 500-1000 രൂപ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തും എന്നാണ് ഞാന്‍ പറഞ്ഞത്. ഇപ്പോഴിതാ കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പറഞ്ഞിരിക്കുന്നു: മുഴുവന്‍ നോട്ടുകളും തിരിച്ചെത്തുമെന്ന്! അപ്പോള്‍ പിന്നെ കള്ളപ്പണം എവിടെ പോയി? ബാങ്കുകളില്‍ നിക്ഷേപിച്ചത് കൊണ്ട് കള്ളപ്പണം മുഴുവന്‍ വെളുത്തിട്ടില്ല എന്നാണ് അദ്ദേഹത്തിന്‍റെ മറുപടി. ഇനിയാണത്രേ യഥാര്‍ത്ഥ പണി തുടങ്ങുന്നത്. പണം ബാങ്കില്‍ നിക്ഷേപിച്ച ഓരോ അക്കൌണ്ട് ഉടമയുടെയും വരുമാന ശ്രോതസ്സും നികുതിയിടപാടുകളും എല്ലാം ആദായനികുതി വകുപ്പുകാര്‍ പരിശോധിച്ച് കള്ളപ്പണക്കാരെ പിടിക്കുമത്രേ. ഒരു വിരോധവുമില്ല. പക്ഷെ നിങ്ങളുടെ പണി തീരുന്നത് വരെ ഞങ്ങളുടെ പണം എടുക്കരുതെന്ന് പറയാതിരുന്നാല്‍ മതി.

ഇങ്ങനെ സാവകാശം പരിശോധന നടത്തി കള്ളപ്പണക്കാരെ പിടിക്കാന്‍ ആയിരുന്നു എങ്കില്‍ എന്തിനായിരുന്നു നവംബര്‍ 8 ന്‍റെ അര്‍ദ്ധരാത്രി നാടകം? ഡിസംബര്‍ 30 നോ അല്ലെങ്കില്‍ ഒരു മാസം കൂടി കഴിഞ്ഞു ജനുവരി 30 നോ നോട്ടുകള്‍ റദ്ദാക്കും എന്ന് പ്രഖ്യാപിച്ചാല്‍ പോരായിരുന്നോ? പഴയ നോട്ടുകള്‍ ഉപയോഗിച്ച് നിത്യവൃത്തി നടത്തുവാന്‍ ജനങ്ങള്‍ക്ക് സാവകാശവും ലഭിക്കുമായിരുന്നല്ലോ? നിര്‍ദ്ധിഷ്ട തീയതിക്ക് മുന്‍പ് കള്ളപ്പണക്കാരെല്ലാം നോട്ടുകള്‍ ബാങ്കില്‍ എത്തിക്കുമ്പോള്‍ ഇപ്പോള്‍ ചെയ്യാന്‍ പോകുന്നത് പോലെ പരിശോധിച്ച് പിടിച്ചാല്‍ പോരായിരുന്നോ? ഇന്നത്തെ നോട്ടിനായുള്ള നെട്ടോട്ടവും സാമ്പത്തീക തകര്‍ച്ചയും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. എന്തിന് പ്രധാനമന്ത്രി മോദി ഈ പാതകം ചെയ്തുവെന്ന് എന്റെ വാളില്‍ വന്നു സ്ഥിരം തെറി പറയുന്ന സംഘികള്‍ ആരെങ്കിലും വിശദീകരിച്ച് തരുമോ?

ഏതായാലും മൂന്ന് നാല് ലക്ഷം കോടി രൂപ അടിച്ചു കിട്ടുമെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദിവാസ്വപ്നം പൊലിഞ്ഞു. അച്ചടിച്ച നോട്ടുകള്‍ തിരികെ എത്തിയില്ലെങ്കില്‍ അത്രയും ബാധ്യതകള്‍ റിസര്‍വ്വ് ബാങ്കിന് കുറയും. തന്മൂലം അവരുടെ ലാഭം കൂടും. ഇന്ത്യ സര്‍ക്കാരിന് ഇത് ഡിവിഡണ്ട് ആയി വാങ്ങിച്ചെടുക്കാം. ഇങ്ങനെ പണം കിട്ടിയാല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് എന്തൊക്കെ പറഞ്ഞു കൊണ്ടിരുന്നത്?. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രചരിപ്പിച്ചിരുന്ന 15 ലക്ഷം രൂപ ഇല്ലെങ്കിലും 15000 രൂപ വീതം എല്ലാ ജന്‍ധന്‍ അക്കൌണ്ടുകളിലും ഇട്ടു കൊടുക്കാന്‍ പോകുന്നു എന്ന് വ്യാപകമായി പ്രചരിപ്പിച്ചു. എല്ലാവര്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കാന്‍ പോകുന്നു എന്നതായിരുന്നു മറ്റൊരു പ്രചരണം, ഇന്നിപ്പോള്‍ പലിശ നിരക്കില്‍ യാതൊരു മാറ്റങ്ങളും ഇല്ലാതെ റിസര്‍വ്വ് ബാങ്കിന്‍റെ പുതിയ വായ്പ്പ നയവും പ്രഖ്യാപിച്ചു. ഇന്ത്യയുടെ ജി ഡി പി വളര്‍ച്ചാനിരക്ക് കുറയും എന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ പരസ്യമായി സമ്മതിച്ചു.

ഈ പണം ലഭിക്കുന്നത് കൊണ്ട് വരാന്‍ പോകുന്ന ബജറ്റില്‍ പാവങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന പദ്ധതികളെ കുറിച്ച് കെ കെ വിജയകുമാര്‍ മാതൃഭൂമി ലേഖനത്തില്‍ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. നേട്ടം ഇല്ലെന്നു മാത്രം അല്ല ഇന്ത്യന്‍ സമ്പദ് ഘടനക്ക് ഈ നടപടി വരുത്തി വക്കാന്‍ പോകുന്ന നഷ്ടം എത്ര ഭീമമായിരിക്കും ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :