ശബരിമല സ്ത്രീ പ്രവേശനത്തിൽ നിയമ നിർമ്മാണത്തിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താത്തത് എന്തുകൊണ്ട്; ശ്രീധരൻപിള്ളക്ക് തോമസ് ഐസക്കിന്റെ തുറന്ന കത്ത്

Sumeesh| Last Modified ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (13:57 IST)
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി ജെ പിയുടെയും ആർ എസ് എസിന്റെയും, മുൻ നിലപാടുകൾ ചൂണ്ടിക്കാട്ടി ബി ജെ ഇ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളക്ക് ധനമന്ത്രി തോമസ് ഐസകിന്റെ തുറന്ന കത്ത്. ശബരിമല വിഷയത്തിൽ നിലപാട് തിരുത്താൻ
ശ്രീധരൻപിള്ള നൽകിയ അന്ത്യശാസനത്തിനു മറുപടിയായാണ് തോമസ് ഐസക്കിന്റെ കത്ത്.

ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം നടത്താൻ വിശ്വഹിന്ധു പരിശത്ത് നേതാവ് പ്രവീൺ തൊഗാഡിയ കേന്ദ്ര സർക്കാരിന് 48 മണിക്കൂർ അന്ത്യശാസനം നൽകിയയത് എല്ലാവേരും കണ്ടതാണ് കേന്ദ്രത്തിൽ ഭരണം കയ്യാളുന്ന ബി ജെ പി സർക്കാർ എന്തുകൊണ്ട് ഇക്കാര്യത്തിൽ നടപടി എടുത്തില്ല എന്ന് തോമസ് ഐസക് കത്തിൽ ചോദിക്കുന്നു.

2006ൽ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിലാണ് ഇപ്പോൾ വിധി പ്രസ്ഥാവിച്ചത്. ഇത്ര വലിയ എതിർപ്പുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് കേസിൽ അന്ന് കക്ഷി ചേർന്നില്ല എന്ന ചോദ്യവും തോമസ് ഐസക് കത്തിലുടെ ഉന്നയിക്കുന്നുണ്ട്.

കത്തിന്റെ പൂർണരൂപം

പ്രിയപ്പെട്ട അഡ്വ. ശ്രീധരൻ പിള്ള,

ശബരിമലയുമായി ബന്ധപ്പെട്ട് താങ്കൾ സർക്കാരിനു നൽകിയ അന്ത്യശാസനത്തിന്റെ പരിധി അവസാനിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ കൂടിയേ ബാക്കിയുള്ളൂ. കേന്ദ്രം ഭരിക്കുന്ന പാർടിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ഈ വിഷയത്തിൽ ഇതേവരെ നടന്ന സംവാദങ്ങളോട് വസ്തുനിഷ്ഠമായി പ്രതികരിക്കാൻ ഈ ചെറിയ ഇടവേളയിലെങ്കിലും താങ്കൾ തയ്യാറാകണം. പോരെങ്കിൽ കാര്യവിവരമുള്ള ഒരു ക്രിമിനൽ അഭിഭാഷകൻ എന്ന ബഹുമതിയും സമൂഹം താങ്കൾക്ക് ചാർത്തിത്തന്നിട്ടുണ്ടല്ലോ.

ഈ പദവികളോട് എന്തെങ്കിലും സത്യസന്ധതയുണ്ടെങ്കിൽ, ഈ വിഷയം സംബന്ധിച്ച് പൊതുമണ്ഡലത്തിലുയർന്ന വാദമുഖങ്ങളോട് താങ്കൾ പ്രതികരിക്കണം.

സ്വന്തം അന്ത്യശാസനത്തിന്റെ ആലസ്യം അവസാനിക്കുംമുമ്പ് മറ്റൊരന്ത്യശാസനം ഞാൻ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തട്ടെ. വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ പുറപ്പെടുവിച്ചതാണത്. ശബരിമല വിഷയത്തിൽ ഓർഡിനൻസ് ഇറക്കാൻ കേന്ദ്രസർക്കാരിന് 48 മണിക്കൂറിന്റെ അന്ത്യശാസനം. അദ്ദേഹത്തിന്റെ പ്രസംഗമിപ്പോൾ വൈറലാണ്. ബിജെപി ഇപ്പോൾ പ്രതിപക്ഷത്തല്ലെന്നും അധികാരം കൈയാളുന്ന പാർടിയ്ക്ക് കാര്യനിർവഹണമാണ് ചുമതലയെന്നും തൊഗാഡിയ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഓർഡിനൻസിനുവേണ്ടി ബിജെപി പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ സമ്മർദ്ദം ചെലുത്തണമെന്നാണ് തൊഗാഡിയ ആവശ്യപ്പെട്ടത്. ഇത്തരത്തിൽ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താൻ താങ്കൾ തയ്യാറാണോ?

താങ്കളെ വിശ്വസിച്ച് സമരമുഖത്തിറങ്ങിയ യഥാർത്ഥ വിശ്വാസികൾക്കു മുന്നിൽ താങ്കൾ വ്യക്തതവരുത്തേണ്ട മറ്റൊരു പ്രശ്നമുണ്ട്. 2006ൽ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണല്ലോ ഇപ്പോൾ തീരുമാനമായത്. എന്തുകൊണ്ടാണ് ബിജെപിയോ താങ്കളോ ഈ കേസിൽ കക്ഷിചേരാത്തത്? അഭിഭാഷകനെന്ന നിലയിൽ താങ്കൾക്കുള്ള പ്രാഗത്ഭ്യം സുപ്രിംകോടതിയിൽ പ്രകടിപ്പിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോകുന്ന വിശ്വാസികളുണ്ട്. ഇപ്പോൾ തെരുവിൽ ഉന്നയിക്കുന്ന വാദമുഖങ്ങൾ താങ്കൾ കോടതിയ്ക്കു മുന്നിലായിരുന്നു ഉന്നയിച്ചിരുന്നതെങ്കിൽ ഇത്തരമൊരു വിധി വരില്ലായിരുന്നു എന്നു ചിന്തിക്കുന്നവർ താങ്കളുടെ പക്ഷത്തുമുണ്ടാവില്ലേ. എന്തുകൊണ്ടാണ്, ഭരണഘടനാ ബെഞ്ചിനു മുന്നിൽ ഈ വാദങ്ങൾ നിരത്താനുള്ള അവസരം താങ്കൾ വേണ്ടെന്നു വെച്ചത്? ഈ കേസിൽ കക്ഷിചേരാൻ താങ്കളും ബിജെപിയും മുന്നോട്ടു വരാത്തതിന്റെ കാരണം വിശ്വാസികൾക്കു മുന്നിൽ വിശദീകരിക്കാൻ തയ്യാറാണോ?

അവസാനമായി ഈ പ്രശ്നത്തിലെ ആർഎസ്എസ് നിലപാടിനെക്കുറിച്ചാണ്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം ലഭിക്കാൻ അനുവാദമുണ്ടാകണം എന്ന ലക്ഷ്യത്തോടെ ഏറ്റവുമധികം ബോധവത്കരണപ്രവർത്തനങ്ങൾ നടത്തിയത് ആർഎസ്എസാണ്. ആർഎസ്എസ് നേതാവ് ഭയ്യാ ജോഷി അടക്കമുള്ളവർ ഇക്കാര്യം ശക്തമായി ഉന്നയിക്കുകയും ചെയ്തു. ആർഎസ്എസ് പ്രസിദ്ധീകരണമായ കേസരിയുടെയും ബിജെപി മുഖപത്രമായ ജന്മഭൂമിയുടെയും നിലപാടുകൾ പൊതുമധ്യത്തിലുണ്ട്.

ഇക്കാര്യത്തിൽ കോടതിയുടെ അന്തിമതീർപ്പിന് വിശ്വാസികൾ വഴങ്ങണമെന്നും അതു ധിക്കരിക്കരുത് എന്നും ജനം ടിവിയിലാണ് ആർഎസ്എസ് നേതാവ് ഭയ്യാജോഷി നിലപാടു വ്യക്തമാക്കിയത്. ബിജെപിയുടെ ചാനലിൽ ആർഎസ്എസ് നേതാവ് ഇക്കാര്യത്തിൽ പ്രഖ്യാപിച്ച നിലപാടിനോട് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ എന്താണ് അഡ്വ. പി. എസ്. ശ്രീധരൻ പിള്ളയുടെ നിലപാട്?

ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാൻ കഴിയുംവിധം കാലാനുസൃതമായി ആചാരപരിഷ്കാരത്തിന് തയ്യാറല്ലാത്തവരെ "കാലത്തിന്റെ ചുവരെഴുത്തു വായിക്കാത്ത സനാതനി ശഠന്മാർ" എന്നാണ് ആർഎസ്എസ് നേതാവ് ആർ ഹരി കേസരിയിലെഴുതിയ ലേഖന പരമ്പരയിൽ വിശേഷിപ്പിച്ചത്. ശഠൻ എന്ന വാക്കിന്റെ അർത്ഥം താങ്കൾക്കറിയുമല്ലോ. ശാഠ്യം പിടിക്കുന്നവൻ, ദുർവാശിയുള്ളവൻ, ദുസ്തർക്കങ്ങളിലേർപ്പെടുന്നവൻ എന്നൊക്കെയാണ് ശബ്ദതാരാവലിയിലെ അർത്ഥങ്ങൾ.

ഇത്തരം കടുത്ത അധിക്ഷേപപദം ഉപയോഗിച്ച് ആർഎസ്എസ് നേതാവ് വിശേഷിപ്പിച്ചത് സിപിഎമ്മുകാരെയോ ഇടതുപക്ഷക്കാരെയോ അല്ല. ആർഎസ്എസ് നേതാവ് പ്രയോഗിച്ച "ശഠൻ" എന്ന ശകാരത്തിന്റെ പരിധിയിൽ അഡ്വ. പി. എസ്. ശ്രീധരൻ പിള്ളയും സമരരംഗത്തുള്ള മറ്റുള്ളവരും ഉൾപ്പെടുന്നുണ്ടോ? ശബരിമലയുടെ കാര്യത്തിൽ ആർഎസ്എസ് പരസ്യമായി ഉന്നയിച്ച ആചാരപരിഷ്കരണം എന്ന നിലപാടിനോട് എന്താണ് താങ്കളുടെ സമീപനം? വിശ്വാസികളോട് അക്കാര്യം വ്യക്തമാക്കേണ്ടതല്ലേ.

സംഘപരിവാറിന് ഇന്ത്യൻ ഭരണഘടനയോടുള്ള ചിരപുരാതനമായ വൈരം പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതിൽ ഈ സമരം വിജയിച്ചിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന ചുട്ടുകളയേണ്ട സമയമായി എന്നാണ് താങ്കളുടെ പാർടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാവ് പരസ്യമായി പ്രസംഗിച്ചത്. അഭിഭാഷകൻ എന്ന നിലയിലും ബിജെപി നേതാവ് എന്ന നിലയിലും ഈ ആവശ്യത്തോട് താങ്കൾക്കുള്ള പ്രതികരണമറിയാൻ പൊതുസമൂഹത്തിന് കൌതുകമുണ്ട്.

താങ്കൾ സർക്കാരിനു നൽകിയ 24 മണിക്കൂർ അന്ത്യശാസനം അവസാനിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. ആ പരിധി അവസാനിച്ച് കടുത്ത സമരമാർഗങ്ങളുടെ തിരക്കിലേയ്ക്കാവും താങ്കൾ പ്രവേശിക്കുക. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ ചെറിയ ഇടവേളയിൽ, മേൽപ്പറഞ്ഞ വിഷയങ്ങളിൽ താങ്കൾ വസ്തുനിഷ്ഠമായ ഒരു വിശദീകരണത്തിന് തയ്യാറാകുന്നത് സമരരംഗത്തുള്ളവർക്കും പ്രയോജനപ്രദമാകും. അത്തരമൊരു പ്രതികരണത്തിന് താങ്കൾക്കു സന്മനസുണ്ടാകുമെന്നു കരുതട്ടെ,

സ്നേഹത്തോടെ,

തോമസ് ഐസക്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :