എൻ സി പിക്ക് മന്ത്രിസ്ഥാനത്തിന് അവകാശമുണ്ട്, ശശീന്ദ്രന്‍ അഗ്നിശുദ്ധിവരുത്തി തിരിച്ചെത്തിയാൽ മാറും; തോമസ് ചാണ്ടി

ശശീന്ദ്രനു പകരം തോമസ് ചാണ്ടി?

aparna shaji| Last Modified ചൊവ്വ, 28 മാര്‍ച്ച് 2017 (07:35 IST)
ലൈംഗികാരോപണത്തെ തുടര്‍ന്ന് രാജിവച്ച മന്ത്രി എ കെ ശശീന്ദ്രന് പകരക്കാരനാകാന്‍ താൻ തയ്യാറാണെന്ന് തോമസ് ചാണ്ടി. എൻ സി പിക്ക് മന്ത്രിസ്ഥാനത്തിന് അവകാശമുണ്ടെന്നും അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തിയാൽ മന്ത്രി‌സ്ഥാനം അദ്ദേഹത്തിന് നൽകുമെന്നും തോമസ് ചാണ്ടി മനോരമ ന്യൂസിനോട് വ്യക്തമാക്കി.

അതേസമയം, ഗതാഗതമന്ത്രിയായി തോമസ് ചാണ്ടി വരുന്നതില്‍ സി പി എം നേതൃത്വത്തിനിടയിൽ എതിർപ്പുണ്ട്.
പകരം മന്ത്രിയെ എന്‍ സി പി തന്നെ തീരുമാനിക്കട്ടെയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ടെങ്കിലും സി പി എം കേന്ദ്ര നേതൃത്വത്തിന് തോമസ് ചാണ്ടി മന്ത്രിയാകുന്നതിനോട് കടുത്ത എതിര്‍പ്പാണുള്ളത്.

എല്‍ ഡി എഫ് അധികാരത്തിലെത്തുന്നതിന് മുമ്പുതന്നെ മന്ത്രിസ്ഥാനത്തേക്കുറിച്ച് തോമസ് ചാണ്ടി പറഞ്ഞ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ അദ്ദേഹത്തിന് വിനയാകുന്നതെന്നാണ് സൂചന. മാത്രമല്ല, ഗോവയില്‍ എന്‍ സി പി ബി‌ജെ‌പിയെ പിന്തുണയ്ക്കുന്നതും സി പി എമ്മിന്‍റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

മന്ത്രിസ്ഥാനം എന്‍ സി പിക്ക് നല്‍കാതിരുന്നാല്‍ അത് മുന്നണിക്കുള്ളില്‍ കലാപമുയര്‍ത്താന്‍ എന്‍ സി പിയെ പ്രേരിപ്പിക്കും എന്നുറപ്പാണ്. മുന്നണി വിടാന്‍ വരെ അവര്‍ തയ്യാറാകുമെന്നും സൂചനയുണ്ട്.

തോമസ് ചാണ്ടിയെ തള്ളി ശശീന്ദ്രനേപ്പോലെ ക്ലീന്‍ ഇമേജുള്ള ഒരാളെ മന്ത്രിയാക്കാന്‍ സി പി എം തന്നെയാണ് ആദ്യം മുന്‍‌കൈയെടുത്തത്. എന്നാല്‍ അശ്ലീലസംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം ശശീന്ദ്രന് നഷ്ടമായ സാഹചര്യത്തില്‍ കുട്ടനാട് എം എല്‍ എ ആയ തോമസ് ചാണ്ടിയെ മന്ത്രിസഭയിലെടുക്കാന്‍ സമ്മര്‍ദ്ദമേറും. തല്‍ക്കാലം ആ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് സി പി എം തീരുമാനം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :