'പുതിയ വീട്ടില്‍ താമസിക്കാന്‍ മകനെയും കുടുംബത്തേയും അനുവദിക്കില്ല'; ഹമീദ് ഭീഷണി മുഴക്കുന്നത് നാട്ടില്‍ പലരും കേട്ടു, പ്രായമായതിന്റെ പ്രശ്‌നമാകുമെന്ന് കരുതി ആരും മുഖവിലയ്‌ക്കെടുത്തില്ല !

രേണുക വേണു| Last Modified ശനി, 19 മാര്‍ച്ച് 2022 (14:37 IST)

തൊടുപുഴയില്‍ പിതാവ് മകനേയും കുടുംബത്തേയും തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മകനും കുടുംബവും ഒരു കാരണവശാലും രക്ഷപ്പെടരുതെന്ന് പ്രതിയായ ഹമീദ് തീരുമാനിച്ചുറപ്പിച്ചിരുന്നു.

കൃത്യമായ ആസൂത്രണത്തിനു ശേഷമാണ് കൊലപാതകം നടത്തിയത്. ഹമീദിന്റെ മകന്‍ അബ്ദുള്‍ ഫൈസല്‍, ഷീബ, മക്കളായ മെഹര്‍, അഫ്സാന എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കിടന്ന് ഉറങ്ങുകയായിരുന്ന നാല് പേരുടെയും ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച പ്രതി തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മകനും കുടുംബവും രക്ഷപ്പെടാതിരിക്കാനുള്ള എല്ലാ പഴുതകളും ഹമീദ് ആദ്യം അടച്ചു. കൃത്യത്തിന് മുമ്പ് ഇയാള്‍ വാതിലുകള്‍ എല്ലാം പുറത്ത് നിന്ന് പൂട്ടിയിരുന്നു. വീട്ടിലെയും സമീപ പ്രദേശത്തെ മറ്റ് വീട്ടുകളിലെയും വൈദ്യുതി, വെള്ള കണക്ഷന്‍ പ്രതി വിച്ഛേദിച്ചിരുന്നു. ഫൈസലിന്റെ മക്കള്‍ ഫോണ്‍ വിളിച്ചതിനെ തുടര്‍ന്ന് അയല്‍വാസിയായ രാഹുല്‍ വാതില്‍ തകര്‍ത്ത് അകത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. കൃത്യം നടത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നത് കണ്ടതായും രാഹുല്‍ മൊഴി നല്‍കി. കൊലപാതകത്തിനു ശേഷം ഹമീദ് ഒരു ബന്ധുവിന്റെ വീട്ടില്‍ പോയി കുറ്റസമ്മതം നടത്തി.

ഹമീദും മകന്‍ ഫൈസലും തമ്മില്‍ ഏറെ നാളായി സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു. നേരത്തെ തൊടുപുഴയിലായിരുന്നു പ്രതിയും മകനും കുടുംബവും താമസിച്ചിരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മണിയന്‍കുടിയിലേക്ക് താമസം മാറ്റി. ആ സമയത്ത് 50 സെന്റോളം സ്ഥലം മകന്റെ പേരില്‍ ഹമീദ് എഴുതി നല്‍കിയിരുന്നു. 2018ല്‍ ഹമീദ് തിരികെ തൊടുപുഴയില്‍ എത്തുകയും നേരത്തെ മകന് എഴുതി കൊടുത്ത സ്വത്ത് തിരികെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്വത്ത് തിരിച്ചുനല്‍കാന്‍ സാധിക്കില്ലെന്ന് മകന്‍ അബ്ദുള്‍ ഫൈസല്‍ നിലപാടെടുത്തു. ഇതോടെ പ്രശ്‌നം രൂക്ഷമായി. ഹമീദിനൊപ്പം താമസിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ അബ്ദുള്‍ ഫൈസലും കുടുംബവും മറ്റൊരു വീട്ടിലേക്ക് താമസം മാറാന്‍ തീരുമാനിച്ചിരുന്നു.

പുതിയ വീട്ടിലേക്കുള്ള ഉപകരണങ്ങള്‍ അടക്കം ഫൈസല്‍ വാങ്ങിയിരുന്നു. നോമ്പ് കാലത്തിന് ശേഷം വീട് മാറാനായിരുന്നു ഫൈസല്‍ തീരുമാനിച്ചത്. അതിനിടെയാണ് ഹമീദിന്റെ ക്രൂരതയ്ക്ക് അബ്ദുള്‍ ഫൈസലും കുടുംബവും ഇരയായത്. പുതിയ വീട്ടിലേക്ക് മാറാന്‍ മകനേയും കുടുംബത്തേയും അനുവദിക്കില്ലെന്നും അവരെ ഇല്ലാതാക്കുമെന്നും ഹമീദ് പലരോടും പറഞ്ഞു നടന്നിരുന്നു. എന്നാല്‍ പ്രായമായ ആള്‍ ആയതിനാല്‍ ആരും ഹമീദിന്റെ ഭീഷണി കാര്യമായെടുത്തില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :