സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പരാതിയില്‍ 24 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം, പൊലീസ്, അറസ്റ്റ് thiruvananthapuram, police, arrest
തിരുവനന്തപുരം| Last Modified ഞായര്‍, 27 മാര്‍ച്ച് 2016 (17:04 IST)
സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പരാതിയില്‍ 24 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോന്നി ഇലക്കുളം സര്‍ക്കാര്‍ ഹൈസ്കൂളിനു സമീപം പതാലില്‍ വീട്ടില്‍ അജിത്തിനെയാണ് വഞ്ചിയൂര്‍ പൊലീസ് വലയിലാക്കിയത്.

പലിശ രഹിത വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്നും സര്‍ക്കാര്‍ ജോലി വാങ്ങിത്തരാമെന്നും വിശ്വസിപ്പിച്ച് നിരവധി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഇയാള്‍ പണം തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി. പട്ടാമ്പി സ്വദേശി മുഹമ്മദ് ഇബ്രാഹിം നല്‍കിയ പരാതിയെ തുടര്‍ന്നാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. അജിത് മുഹമ്മദിന്‍റെ കൈയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങിയതായും പരാതിയില്‍ പറയുന്നു.

നിരവധി പേരില്‍ നിന്ന് ഇത്തരം പരാതി ലഭിച്ചതോടെ ഇയാള്‍ താമസിച്ചിരുന്ന തിരുവനന്തപുരത്തെ പുളിമൂട്ടിലെ ലോഡ്ജിലെ മുറി പൂട്ടി താക്കോളുമായി മുങ്ങിനടക്കുകയായിരുന്നു. ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദിന്‍റെ നിര്‍ദ്ദേശാനുസരണം പേട്ട സി.ഐ ബിജു ശ്രീധരന്‍, വഞ്ചിയൂര്‍ എസ്.ഐ സൈജുനാഥ് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :