രേണുക വേണു|
Last Modified വെള്ളി, 26 ജൂലൈ 2024 (10:49 IST)
മോഷ്ടിക്കാന്‍ കയറിയ കള്ളനെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയത് പൊലീസ്. മദ്യപിച്ച് മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ പണവും ആഭരണവും തിരയുന്നതിനിടെ ഉറങ്ങിപ്പോകുകയായിരുന്നു. കോയമ്പത്തൂര്‍ കാട്ടൂര്‍ രാംനഗറിലെ നെഹ്‌റു സ്ട്രീറ്റിലുള്ള രാജന്റെ വീട്ടിലാണ് സംഭവം. മോഷ്ടാവ് കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്‌മണ്യനെ വീട്ടുടമയും പൊലീസും ചേര്‍ന്ന് പിടികൂടി.
കഴിഞ്ഞ ദിവസം രാവിലെ രാജന്‍ വീട് പൂട്ടി ഭാര്യാവീട്ടിലേക്ക് പോയ സമയത്താണ് ബാലസുബ്രഹ്‌മണ്യന്‍ മോഷ്ടിക്കാന്‍ കയറിയത്. മദ്യപിച്ചെത്തിയ കള്ളന്‍ വീടിനുള്ളിലെ ഷെല്‍ഫുകളില്‍ പണവും സ്വര്‍ണവും തിരയുന്നതിനിടെ അവശത കാരണം ഉറങ്ങിപ്പോകുകയായിരുന്നു. വീട്ടിലെ കിടപ്പുമുറിയില്‍ കിടന്നാണ് ഇയാള്‍ ഉറങ്ങിയത്.
ഉച്ചയോടെ വീട്ടുടമസ്ഥന്‍ തിരിച്ചെത്തിയപ്പോള്‍ വീട് തുറന്നുകിടക്കുന്നതായി കണ്ടു. സുഹൃത്തിനെ വിളിച്ചുവരുത്തി വീടിനകത്ത് പരിശോധിച്ചപ്പോള്‍ ഒരാള്‍ ഉറങ്ങികിടക്കുന്നതാണ് കണ്ടത്. ഉടന്‍ കാട്ടൂര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയ ശേഷമാണ് മോഷ്ടാവിനെ ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തിയത്. ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.