കൈയില്‍ ടാറ്റൂ, അഭ്യാസി; ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ ആളുടെ ചിത്രം പുറത്തുവിട്ടു

നെൽവിൻ വിൽസൺ| Last Updated: ശനി, 17 ഏപ്രില്‍ 2021 (13:15 IST)

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ ആളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. വീട്ടിലെ സിസിടിവി ക്യാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നാണ് അഭ്യര്‍ത്ഥന.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ചില സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ കൈയില്‍ ടാറ്റൂ പതിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സ്വദേശിയാണ് മോഷണം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് വ്യക്തമായിട്ടുള്ളത്.

ഗ്രില്‍സിന്റെ അഴികള്‍ക്കിടയിലൂടെയാണ് മോഷ്ടാവ് വീടിനകത്ത് കയറിയിരിക്കുന്നത്. അസാമാന്യ മെയ് വഴക്കമുള്ള ഒരു അഭ്യാസിയായിരിക്കാം ഇയാളെന്ന് ഇതില്‍ നിന്ന് പൊലീസ് സംശയിക്കുന്നു.

പ്രതി ഉത്തരേന്ത്യന്‍ സ്വദേശിയാണെന്ന സൂചന ഉള്ളതിനാല്‍ നേരത്തെ വീട്ടില്‍ ജോലിക്ക് നിന്നവരെയും പൊലീസ് ചോദ്യം ചെയ്യും. വീടിനെ കുറിച്ച് കൃത്യമായ ധാരണയുള്ള ആരോ ആണ് മോഷണം നടത്തിയിരിക്കുന്നതെന്നും പൊലീസ് സംശയിക്കുന്നു.

ഭീമ ജ്വല്ലറി ഉടമ ഡോ.ഗോവിന്ദന്റെ കവടിയാറിലെ വീട്ടില്‍ ഏപ്രില്‍ 14 നാണ് മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയും മോഷണം പോയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :