Suresh Gopi: തിരഞ്ഞെടുപ്പില്‍ തോറ്റാലും തൃശൂരില്‍ തുടരും; ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്

ഇത്തവണത്തേത് അടക്കം രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ നിന്നാണ് സുരേഷ് ഗോപി ജനവിധി തേടിയത്

Lok Sabha Election 2024, Thrissur, Suresh Gopi
Suresh Gopi
രേണുക വേണു| Last Modified തിങ്കള്‍, 29 ഏപ്രില്‍ 2024 (09:44 IST)

Suresh Gopi: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റാലും തൃശൂരില്‍ തുടരാന്‍ സുരേഷ് ഗോപി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും താരം തൃശൂരില്‍ നിന്ന് മത്സരിക്കും. തൃശൂര്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനാണ് സുരേഷ് ഗോപിയുടെ തീരുമാനം. ബിജെപി സംസ്ഥാന നേതൃത്വവും ഇതിനു അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് സുരേഷ് ഗോപി ജയിക്കാന്‍ സാധ്യത കുറവാണെന്നാണ് വോട്ടെടുപ്പിനു ശേഷം ബിജെപി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റാലും സുരേഷ് ഗോപി തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതാണ് ഭാവിയില്‍ ഗുണം ചെയ്യുകയെന്ന് സംസ്ഥാന നേതൃത്വം കരുതുന്നു.

ഇത്തവണത്തേത് അടക്കം രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ നിന്നാണ് സുരേഷ് ഗോപി ജനവിധി തേടിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി തൃശൂര്‍ കേന്ദ്രീകരിച്ച് സുരേഷ് ഗോപി പ്രവര്‍ത്തിക്കുന്നുമുണ്ട്. തൃശൂരിലെ ബിജെപിയുടെ വോട്ട് ബാങ്ക് സുരേഷ് ഗോപിയുടെ സാന്നിധ്യത്താല്‍ മെച്ചപ്പെട്ടു വരികയാണ്. ഇക്കാരണത്താലാണ് തുടര്‍ന്നും സുരേഷ് ഗോപി തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കട്ടെയെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം സുരേഷ് ഗോപി സിനിമയില്‍ സജീവമാകും. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണെങ്കില്‍ അടുത്ത ഒന്നര വര്‍ഷക്കാലത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയൊരു ഇടവേള നല്‍കി സിനിമയില്‍ സജീവമാകാനാണ് താരത്തിന്റെ തീരുമാനം. ഇക്കാര്യം കേന്ദ്ര നേതൃത്വത്തേയും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമാകുകയാണെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ആറ് മാസം മുന്‍പേ സുരേഷ് ഗോപി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചെത്തൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :