Suresh Gopi: സുരേഷ് ഗോപിയുടെ ആ നോട്ടവും സ്പര്‍ശവും തികഞ്ഞ അശ്ലീലമാണ്; ഭരത്ചന്ദ്രന്‍ കളി സിനിമയില്‍ മതി !

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

രേണുക വേണു| Last Modified ശനി, 28 ഒക്‌ടോബര്‍ 2023 (08:16 IST)

Suresh Gopi: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ നടനും ബിജെപി നേതാവുമായി സുരേഷ് ഗോപിക്കെതിരെ വ്യാപക വിമര്‍ശനം. മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ആവശ്യപ്പെട്ടു. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മിഷനില്‍ പരാതി നല്‍കുമെന്നും മറ്റു നിയമനടപടികള്‍ സ്വീകരിക്കുമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അറിയിച്ചു. തെറ്റ് അംഗീകരിച്ചു സുരേഷ് ഗോപി മാപ്പ് പറയണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീതയും ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.

ഇന്നലെ കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വിവാദ സംഭവം. മീഡിയ വണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തക ഷിദ ജഗദിന്റെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. പല തവണ മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുന്നുണ്ടെങ്കിലും സുരേഷ് ഗോപി ഇത് ആവര്‍ത്തിച്ചു. അശ്ലീലം നിറഞ്ഞ നോട്ടവും മോശം ശരീരഭാഷയുമായിരുന്നു ഈ സമയത്ത് സുരേഷ് ഗോപിക്ക്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചപ്പോള്‍ ആണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ കൈ വച്ചത്. എന്ത് മാത്രം അശ്ലീല ചുവയോടെയാണ് മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി പെരുമാറുന്നതെന്ന് ആ നോട്ടത്തില്‍ നിന്നും ശരീരഭാഷയില്‍ നിന്നും വ്യക്തമാണെന്ന് നിരവധി പേര്‍ വിമര്‍ശിച്ചു. സ്ത്രീത്വത്തെ അപമാനിച്ച സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോടും പൊതു സമൂഹത്തോടും മാപ്പ് പറയണമെന്ന് സോഷ്യല്‍ മീഡിയ ഒരേ സ്വരത്തില്‍ പറയുന്നു.



മാധ്യമങ്ങള്‍ക്ക് മുന്നില്‍ സുരേഷ് ഗോപി ഭരത്ചന്ദ്രന്‍ കളിക്കുകയാണെന്നും ആണ്‍ അഹന്തയില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകയോട് ഇങ്ങനെ പെരുമാറാനുള്ള ഊര്‍ജ്ജം സുരേഷ് ഗോപിക്ക് ലഭിച്ചതെന്നും ഒട്ടേറെ പേര്‍ തുറന്നടിച്ചു. സുരേഷ് ഗോപിയില്‍ നിന്ന് മോശം അനുഭവം നേരിട്ട മാധ്യമപ്രവര്‍ത്തകയും നിയമനടപടിയെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഈ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം നില്‍ക്കുമെന്ന് മീഡിയ വണ്‍ മാനേജ്‌മെന്റും അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :