മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്: സുരേഷ് ഗോപിയെ ഇന്ന് ചോദ്യം ചെയ്യും

സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് നേരത്തെ കേസെടുത്തത്

രേണുക വേണു| Last Modified ബുധന്‍, 15 നവം‌ബര്‍ 2023 (08:53 IST)

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയെ ഇന്ന് ചോദ്യം ചെയ്യും. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത്. രാവിലെ ഒന്‍പത് മണിക്ക് നടക്കാവ് ഇംഗ്ലീഷ് പള്ളി മുതല്‍ പൊലീസ് സ്റ്റേഷന്‍ വരെ പദയാത്രയായാണ് സുരേഷ് ഗോപി സ്റ്റേഷനിലേക്ക് പോകുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ബിജെപിസംസ്ഥാന നേതാക്കളായ ശോഭ സുരേന്ദ്രന്‍, എം.ടി.രമേശ്, പി.കെ.കൃഷ്ണദാസ് എന്നിവരും പദയാത്രയില്‍ പങ്കെടുക്കും.

സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് നേരത്തെ കേസെടുത്തത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിക്കുന്നു. സംഭവം അന്വേഷിക്കുമെന്ന് ഉറപ്പ് നല്‍കിയ കമ്മിഷണര്‍ പരാതി നടക്കാവ് പൊലീസിനു കൈമാറുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :