വിഴിഞ്ഞം: സൂര്യനു കീഴിൽ നടക്കുന്ന എല്ലാ വിഷയങ്ങളിലും ഇടപെടാൻ ട്രൈബ്യൂണലിന് അധികാരമുണ്ടോ- സുപ്രീംകോടതി

സുപ്രീംകോടതി , വിഴിഞ്ഞം തുറുമുഖ പദ്ധതി , എച്ച് എല്‍ ദത്തു
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (12:52 IST)
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറുമുഖ പദ്ധതിക്കെതിരെ ഉത്തരവിട്ട ഹരിത ട്രൈബ്യൂണലിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. സൂര്യനു കീഴിൽ നടക്കുന്ന എല്ലാ വിഷയങ്ങളിലും ഇടപെടാൻ ട്രൈബ്യൂണലിന് അധികാരമുണ്ടോയെന്ന് കോടതി ചോദിച്ചു. ഹൈക്കോടതിക്കു സമാനമായ അധികാരമുണ്ടെന്ന് കരുതാനാകില്ല. ഹരിത ട്രൈബ്യൂണലിനു സഹജമായ അധികാരമില്ല, നിയമപരമായ അധികാരം മാത്രമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവ് ചോദ്യം ചെയ്ത് തുറമുഖ അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി പരാമര്‍ശം നടത്തിയത്. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വിഴിഞ്ഞത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് കാരണമായ തീരദേശ പരിപാലന നിയമ ഭേദഗതി പരിശോധിക്കാന്‍ അധികാരം ഉണ്ടെന്ന ട്രിബ്യൂണലിന്‍റെ ഉത്തരവിനെതിരെയാണ് തുറമുഖ അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. ഹരിത ട്രിബ്യൂണലിന്‍റെ ചെന്നൈ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :