തിരുവനന്തപുരം|
Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (18:26 IST)
വിദ്യാര്‍ത്ഥികളെ ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലായി പതിനൊന്ന് എഞ്ചിനീയറിംഗ് ബാച്ചുകള്‍ പൂട്ടാന്‍ തീരുമാനമായി. ഇതിനൊപ്പം ഒരു എം.ബി.എ കോളേജും പൂട്ടും. തിരുവനന്തപുരത്തെ മണ്‍വിളയിലെ കോഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‍മെന്‍റ് എന്ന സ്ഥാപനമാണ് അടച്ചുപൂട്ടിയിരിക്കുന്നത്. കണ്ണൂരിലെ സര്‍ക്കാര്‍ എഞ്ചി.കോളേജിലെ ഒരു ബാച്ചും നിര്‍ത്തലാക്കുന്നതില്‍ ഉള്‍പ്പെടും.
കുട്ടികളില്ലാത്ത ബാച്ചുകള്‍, കോളേജുകള്‍ എന്നിവയുടെ അംഗീകാരം പിന്‍വലിക്കാനുള്ള നയപരമായ തീരുമാനം ഉടന്‍ കൈക്കൊള്ളും എന്ന് സാങ്കേതിക സര്‍വകലാശാല പ്രോ. വൈസ് ചാന്‍സലര്‍ അറിയിച്ചു. അടച്ചുപൂട്ടാനുള്ള അപേക്ഷ കോളേജുകള്‍ക്ക് സര്‍വകലാശാലയില്‍ സമര്‍പ്പിക്കാം എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 16 കോളേജുകളുടെ അപേക്ഷ അഖിലേന്ത്യാ സാങ്കേതിക കൌണ്‍സിലിന്‍റെ പരിഗണനയിലാണ്. തമിഴ്നാട്ടില്‍ 142, ആന്ധ്രാപ്രദേശില്‍ 24, കര്‍ണ്ണാടകയില്‍ 32 എന്നീ നിലയിലാണ് നിര്‍ത്തലാക്കിയ എഞ്ചിനീയറിംഗ് ബാച്ചുകളുടെ എണ്ണം. ഇക്കൊല്ലം ഒരു വിദ്യാര്‍ത്ഥി പോലും പ്രവേശനം നേടാത്ത 21 ബാച്ചുകളാണു സംസ്ഥാനത്തുള്ളത്.