തിരുവനന്തപുരം|
Last Modified വ്യാഴം, 16 ഒക്ടോബര്‍ 2014 (11:11 IST)
കുട്ടിയെ പട്ടിക്കൂട്ടിലടച്ച വിവാദത്തെ തുടര്‍ന്ന് അടച്ചിട്ട കുടപ്പനകുന്ന് ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വീണ്ടും തുറന്നു. സര്‍ക്കാര്‍ തലത്തില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് ഇന്ന് സ്കൂള്‍ പുനരാരംഭിച്ചത്. സ്കൂളിലെ 123 കുട്ടികളില്‍ 119 പേരും ഇന്ന് ഹാജരായി. സ്കൂളിന് പരിസരത്ത് സമീപവാസികളുടെ പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാര്‍ സ്കൂളിലേക്ക് കടന്നുകയറാനുള്ള സാധ്യത തടയുന്നതിനായി രക്ഷിതാക്കളെ സ്കൂള്‍ പരിസരത്ത് നിര്‍ത്തി കുട്ടികളെ മാത്രമാണ് സ്കൂളിലേക്ക് കടത്തിവിട്ടത്.
ക്ലാസ് മുറിയില്‍ സഹപാഠിയോട് സംസാരിച്ചതിന്റെ പേരില്‍ യുകെജി വിദ്യാര്‍ഥിയെ സെപ്റ്റംബര്‍ 29നാണ് സ്കൂളിലെ പട്ടികൂട്ടിലടച്ചതായി വിവാദമുയര്‍ന്നത്. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ശശികലയെ പോലീസ് അറസ്റ്റു ചെയ്തു സ്കൂള്‍ പൂട്ടി. പ്രിന്‍സിപ്പല്‍ പിന്നീട് ജാമ്യത്തിലിറങ്ങി. അതിനിടെ, സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് വലിയൊരു വിഭാഗം രക്ഷിതാക്കളും അധ്യാകുട്ടികളും രംഗത്തെത്തിയോടെ സര്‍ക്കാര്‍ വഴങ്ങിയത്. സ്കൂളിന് അടിസ്ഥാന സൗകര്യമില്ലാത്തിന്റെ പേരില്‍ തുറക്കന്‍ അനുവദിക്കില്ലെന്ന് നിലപാടിലായിരുന്ന ഡിപിഐ. എന്നാല്‍ കുട്ടികളുടെ ഭാവിയെ കരുതി സര്‍ക്കാര്‍ പിന്നീട് അയയുകയായിരുന്നു.
അതിനിടെ, സ്കൂളിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പ്രിന്‍സിപ്പല്‍ ശശികല ആവശ്യപ്പെട്ടു. തിരുവനന്തപുരം നഗരത്തിലെ കണ്ണായ സ്ഥലത്തു സ്ഥിതി ചെയ്യുന്ന തന്റെ സ്കൂള്‍ തകര്‍ക്കാന്‍ ഭൂമാഫിയ ഇടപെട്ടിട്ടുണ്ട്. സംഭവം നടന്നപ്പോള്‍ താന്‍ പ്രതികരിച്ചത് മറ്റു കുട്ടികളെയും അധ്യാപകരെയും സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.