രേണുക വേണു|
Last Modified ശനി, 24 ജൂലൈ 2021 (10:09 IST)
വീടിന്റെ മേല്‍ക്കൂരയിലേക്ക് ചറപറ കല്ലുകള്‍ വന്നുവീഴുന്നത് വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി. ആരെങ്കിലും മനഃപൂര്‍വം കല്ലെറിയുന്നതാണോ എന്നാണ് ആദ്യം കരുതിയത്. എന്നാല്‍, യഥാര്‍ഥ കാര്യം അറിഞ്ഞപ്പോള്‍ വീട്ടുകാരും നാട്ടുകാരും ഞെട്ടി. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നാണ് കല്ലുകള്‍ തെറിച്ച് വീടിന്റെ മേല്‍ക്കൂരയിലേക്ക് വീഴുന്നത്. പുളിങ്കട്ട പാറവിളയില്‍ സുരേഷിന്റെയും സെല്‍വരാജിന്റെയും വീടിനു മുകളിലേക്കാണ് കല്ലുകള്‍ വീഴുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായുള്ള ഭൗമപ്രതിഭാസം ഇപ്പോഴും തുടരുകയാണ്. അതിനിടെ വീടിന്റെ ഭാഗത്തെ ഭൂമി ചെറിയതോതില്‍ ഇടിഞ്ഞുതാഴുകയും ചെയ്തു.
കഴിഞ്ഞ രണ്ടാംതിയതി രാത്രിയിലാണ് വീടിനുമുകളില്‍ ആദ്യമായി കല്ലുകള്‍ പതിച്ചത്. രണ്ടുതവണ കല്ലുവീണു. കുറേദിവസം തുടര്‍ച്ചയായി മേല്‍ക്കൂരയില്‍ കല്ലുകള്‍ വീണു. പിന്നീട് പകല്‍ സമയവും കല്ലുകള്‍ വീഴാന്‍ തുടങ്ങി. മേല്‍ക്കൂരയില്‍ പൊട്ടല്‍ വീണു. ആരെങ്കിലും മനഃപൂര്‍വം എറിയുന്നതാണെന്ന് ആദ്യം കരുതി. വാഗമണ്‍ പൊലീസില്‍ വീട്ടുടമകള്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനായി പൊലീസ് എത്തിയ സമയത്തും മേല്‍ക്കൂരയിലേക്ക് കല്ലുകള്‍ വീഴുന്നു. നിലത്തുവീണ കല്ലുകള്‍ ശേഖരിച്ച് പൊലീസ് സ്ഥലത്തുനിന്ന് മടങ്ങി. തുടര്‍ന്ന് സംസ്ഥാന ഭൗമശാസ്ത്രവിഭാഗവുമായി പഞ്ചായത്ത് പ്രസിഡന്റ് ബന്ധപ്പെട്ടു. ഭൂമിക്കുള്ളില്‍ ജലസമ്മര്‍ദംമൂലം ഉണ്ടാകുന്ന പ്രതിഭാസമാെണന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച ജിയോളജിസ്റ്റിനോട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു.