എഡിജിപി ശ്രീലേഖ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

തിരുവനന്തപുരം| Last Modified ബുധന്‍, 9 ജൂലൈ 2014 (15:51 IST)
എഡിജിപി ശ്രീലേഖയെ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായി നിയമിച്ചു. മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിംഗിനു നിര്‍ഭയയുടെ ചുമതല നല്‍കി. നിര്‍ഭയയുടെ ചുമതലയായിരുന്നു ശ്രീലേഖയ്ക്ക് ഉണ്ടായിരുന്നത്. ഇവിടെനിന്നാണ് ശ്രീലേഖയെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്തേക്കു മാറ്റിയത്.

ആഴ്ചകള്‍ക്ക് മുമ്പ് പീന്‍സീറ്റിലെ ബെല്‍റ്റ് ഉപയോഗം നിര്‍ബന്ധമാക്കിക്കൊണ്ട്
പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചു ഋഷിരാജ് സിംഗ് അവധിയില്‍ പ്രവേശിച്ചിരുന്നു. നിയമം നടപ്പാക്കാന്‍ കഴിയാതെ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു ഋഷിരാജ് സിംഗിന്റെ നിലപാട്.

കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ടെ ജൂണ്‍ മൂന്നിന് ഡല്‍ഹിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് പിന്‍സീറ്റിലുള്ളവരും ബെല്‍റ്റ് ധരിക്കണമെന്ന നിയമം ഋഷിരാജ് സിംഗ് നിര്‍ബന്ധമാക്കിയത്. പിന്‍സീറ്റില്‍ ബെല്‍റ്റ് ധരിക്കാതിരുന്ന കേന്ദ്രമന്ത്രി തെറിച്ചുവീണുണ്ടായ ആന്തരിക പരിക്കുകളാണ് മരണകാരണമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നായിരുന്നു നടപടി.

കേന്ദ്ര മോട്ടോര്‍ വാഹനചട്ടം 138(3) വകുപ്പ് നടപ്പാക്കാനായിരുന്നു നിര്‍ദ്ദേശം. ബെല്‍റ്റ് പരിശോധിക്കാന്‍ എല്ലാ ആര്‍ടിഒമാര്‍ക്കും കമ്മീഷണര്‍ നിര്‍ദേശം നല്‍കി. സീറ്റ് ബെല്‍റ്റ് ധരിക്കുകയാണെങ്കില്‍ അപകടത്തിലുണ്ടാകുന്ന ആഘാതം 95 ശതമാനത്തോളം കുറയ്ക്കാന്‍ കഴിയുമെന്ന വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നായിരുന്നു തീരുമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :