രേണുക വേണു|
Last Modified വ്യാഴം, 1 ജൂലൈ 2021 (08:29 IST)
തിരുവല്ല പുളിക്കീഴിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യനിര്‍മാണത്തിനായി എത്തിച്ച സ്പിരിറ്റ് മോഷണം പോയി. കേസില്‍ മൂന്ന് പേര് ഇതിനോടകം അറസ്റ്റിലായി. ജീവനക്കാരന് അരുണ്‍ കുമാര്‍, ടാങ്കര്‍ ഡ്രൈവര്‍മാരായ നന്ദകുമാര്‍, സിജോ തോമസ് എന്നിവരാണ് അറസ്റ്റിലായത്. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ കേസില്‍ ഏഴുപ്രതികളാണുള്ളത്. മധ്യപ്രദേശില്‍ നിന്നെത്തിച്ച രണ്ടു ടാങ്കറുകളിലെ സ്പിരിറ്റാണ് കാണാതായത്.
ബിവറേജസ് കോര്പ്പറേഷന് വേണ്ടി ജവാന് റം നിര്‍മിക്കാനെത്തിച്ച സ്പിരിറ്റില്‍ നിന്നാണ് 20,000 ലിറ്റര്‍ സ്പിരിറ്റ് കാണാതായത്. 40,000 ലീറ്റര്‍ വീതം സ്പിരിറ്റുമായെത്തിയ രണ്ടു ടാങ്കറുകളിലെ സ്പിരിറ്റാണ് കാണാതായത്. ഒരു ടാങ്കറില്‍ നിന്ന് 12,000 ലീറ്ററും ഒരുടാങ്കറില്‍ നിന്ന് 8000 ലീറ്ററുമാണ് കാണാതായത്. കേരളത്തിലെത്തും മുന്‍പ് ലിറ്ററിന് 50 രൂപ നിരക്കില്‍ സ്പിരിറ്റ് വിറ്റുവെന്നാണ് പൊലീസ് കരുതുന്നത്.