സൌമ്യവധക്കേസില്‍ ഗോവിന്ദച്ചാമി ഇനി അധികകാലം ജയിലില്‍ ഇല്ല; പതിനാറു മാസങ്ങള്‍ക്കു ശേഷം ഗോവിന്ദച്ചാമി പുറത്തിറങ്ങും

സൌമ്യ വധക്കേസ്: ഗോവിന്ദച്ചാമിക്ക് ഇനി ശിക്ഷ പതിനാറു മാസം മാത്രം

ന്യൂഡല്‍ഹി| Last Updated: വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (14:50 IST)
സൌമ്യവധക്കേസില്‍ വധശിക്ഷ റദ്ദാക്കപ്പെട്ട ഗോവിന്ദച്ചാമി പതിനാറു മാസങ്ങള്‍ക്ക് ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങും. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി ഏഴുവര്‍ഷം തടവ് ആണ് വിധിച്ചത്. എന്നാല്‍, ഇതില്‍ അഞ്ചു വര്‍ഷവും എട്ടു മാസവും ജയില്‍ശിക്ഷ ഗോവിന്ദച്ചാമി പൂര്‍ത്തിയാക്കി കഴിഞ്ഞു. അതിനാല്‍ തന്നെ ഇനി പതിനാറു മാസങ്ങള്‍ മാത്രം ഗോവിന്ദച്ചാമി ജയില്‍ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.

2011 ഫെബ്രുവരി ഒന്നിന് ആയിരുന്നു എറണാകുളം - ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നാടിനെ നടുക്കിയ
സംഭവം നടന്നത്. എറണാകുളത്ത്‌ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൌമ്യ വിവാഹാലോചനയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനായി വീട്ടിലേക്ക് വരുമ്പോഴായിരുന്നു ദുരന്തം. വള്ളത്തോള്‍ നഗറില്‍ നിന്ന് ട്രെയിന്‍ എടുത്തപ്പോള്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന ഗോവിന്ദച്ചാമി ട്രയിനിലേക്ക് ചാടിക്കയറുകയായിരുന്നു. പിടിവലിക്കിടെ ട്രാക്കില്‍ വീണ സൌമ്യയെ പിന്നാലെ ചാടിയ ഇയാള്‍ തലയ്ക്ക് ഇടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

ഷൊര്‍ണൂര്‍ മഞ്ഞക്കാവ് സ്വദേശിയായിരുന്നു സൌമ്യയ്ക്ക് 23 വയസ്സായിരുന്നു. ക്രൂരബലാത്സംഗത്തിന് ഇരയായ സൌമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന്, കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിക്ക് നവംബറില്‍ വധശിക്ഷ പ്രഖ്യാപിച്ചിരുന്നു. തൃശൂര്‍ അതിവേഗ കോടതി ആയിരുന്നു ശിക്ഷ വിധിച്ചത്. തുടര്‍ന്ന് ഹൈക്കോടതിയും ശിക്ഷ ശരിവെച്ചു. വധശിക്ഷയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ കൂടുതല്‍ തെളിവുകള്‍ പരമോന്നത കോടതി ആവശ്യപ്പെടുകയും എന്നാല്‍ അത് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയാതെ വരികയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :