സോളാര്‍ കേസ്: മുഖ്യമന്ത്രിക്ക് സോളാര്‍ കമ്മീഷന്റെ നോട്ടിസ്

സോളാര്‍ തട്ടിപ്പ് കേസ് , മുഖ്യമന്ത്രി ഉമ്മൻചാണ്ടി , അടൂർ പ്രകാശ്
കൊച്ചി| jibin| Last Updated: വെള്ളി, 17 ജൂലൈ 2015 (12:56 IST)
സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സോളാര്‍ കമ്മീഷന്റെ നോട്ടീസ്. വിശദീകരണം ഉണ്ടെങ്കിൽ സോളാർ കമ്മീഷന് കൈമാറണമെന്ന് നോട്ടീസില്‍ പറയുന്നു. റവന്യൂ മന്ത്രി അടൂർ പ്രകാശടക്കം 29 പേര്‍ക്ക് കമ്മീഷന്‍ നോട്ടിസ് അയച്ചു.

സോളാര്‍ കമ്മീഷനില്‍ നേരത്തെ മൊഴി നല്‍കിയവര്‍ മുഖ്യമന്ത്രിയുടെയും മറ്റ് വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെക്കുറിച്ചും ഇവര്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവര്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചത്.

മുഖ്യമന്ത്രി അടക്കമുള്ളവരില്‍ നിന്ന് വിശദീകരണം ലഭിക്കുന്നതിനാണ് കമ്മീഷന്‍ വിളിച്ചത്. കമ്മീഷൻസ് ഓഫ് എൻക്വയറി ആക്ടിലെ എട്ട് ബി പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. റവന്യൂ മന്ത്രി അടൂർ പ്രകാശിനും സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരായേക്കുമെന്നാണ് അറിയുന്നത്. നേരത്തെ കെപിസിസി പ്രസിഡന്റെ വിഎം സുധീരനെയും സിപിഐ, സിപിഎം നെതാക്കളെയും കമ്മീഷന്‍ തെളിവ് ശേഖരണത്തിന്റെ ഭാഗമായി വിളിച്ചിരുന്നു.

ഇതിനകം മൊഴിനല്‍കിയവര്‍ പരാമര്‍ശിച്ച ജനപ്രതിനിധികള്‍ക്കാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ചവര്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ തെളിവുകള്‍ ഹാജരാക്കണം. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് അരോപണവിധേയരായവര്‍ക്ക് മറുപടി നല്‍കാനുള്ള അവസരമാണ് കമ്മീഷന്‍ നല്‍കുന്നത്.

സോളാര്‍ തട്ടിപ്പ് കേസ് പ്രതികളായ സരിത നായര്‍ക്കും ബിജു രമേശിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള അടുപ്പവും തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടതും ചില കേസുകളില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടതും സോളാര്‍ കമ്മീഷന്റെ മുന്നില്‍ തെളിവായെത്തിയിട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :