മത്സരിച്ച മണ്ഡലങ്ങളിലെല്ലാം തന്നെ വോട്ടുവിഹിതം ഉയർത്തി, പാലക്കാട് ഉപതിരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ശോഭ സുരേന്ദ്രൻ?

Sobha Surendran, Kerala Politics
അഭിറാം മനോഹർ| Last Modified ചൊവ്വ, 18 ജൂണ്‍ 2024 (13:29 IST)
Sobha Surendran, Politics
പാലക്കാട് നിയമസഭാ ഉപതിരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രനെ പരിഗണിച്ചേക്കും. ആലപ്പുഴ ലോകസഭാ മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവെച്ചതിന് പിന്നാലെ ശോഭാ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാകും ഈ വിഷയത്തില്‍ നിര്‍ണായകമാവുക. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ടുവിഹിതം ഉയര്‍ത്തിയതോടെ ശോഭാ സുരേന്ദ്രനെ ബിജെപി കേന്ദ്ര നേതൃത്വം അഭിനന്ദിച്ചിരുന്നു.


ശോഭാ സുരേന്ദ്രന് പുറമെ സി കൃഷ്ണകുമാറും ബിജെപിയുടെ പരിഗണന പട്ടികയിലുണ്ട്. ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ലോകസഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതിരെഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് 3859 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഷാഫി മണ്ഡലത്തില്‍ വിജയിച്ച് കയറിയത്.


കഴിഞ്ഞ തവണ ചുരുങ്ങിയ വോട്ടുകള്‍ക്ക് കൈവിട്ട വിജയം ശോഭാ സുരേന്ദ്രനിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ലോകസഭാ തിരെഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ നേട്ടം ഊര്‍ജമാകുമെന്നും പ്രതീക്ഷിക്കുന്നു. 2019ലെ ലോകസഭാ തിരെഞ്ഞെടുപ്പില്‍ ആറ്റിങ്ങലിലും 2024 ലോകസഭാ തിരെഞ്ഞെടുപ്പില്‍ ആലപ്പുഴയിലുമാണ് ശോഭാ സുരേന്ദ്രന്‍ മത്സരിച്ചത്. ഇരു മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് വിഹിതം ഉയര്‍ത്താന്‍ ശോഭാ സുരേന്ദ്രനായിരുന്നു ആലപ്പുഴയില്‍ 17.24 ശതമാനമായിരുന്ന വോട്ട് വിഹിതം 28.3 ശതമാനമായാണ് ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :